കളഞ്ഞു കിട്ടിയ ഒരു ലക്ഷം ദിർഹം തിരികെ നൽകി; ഇന്ത്യക്കാരന് ദുബൈ പോലീസിന്റെ ആദരവ്
വാഹന പാർക്കിംഗ് ഏരിയയിൽ നിന്ന് കിട്ടിയ ഒരു ലക്ഷം ദിർഹം പോലീസിൽ ഏൽപ്പിച്ച ഇന്ത്യൻ സ്വദേശി മുഹമ്മദ് അലി ഷെരക്കൽ മോഹിയെ ആദരിച്ച് ദുബൈ പോലീസ്. പണം നഷ്ടപ്പെട്ട കാര്യം പോലും അറിയാതിരുന്ന ഉടമയ്ക്ക് മൂന്ന് മണിക്കൂറിനകം തന്നെ തുക തിരികെ ലഭിക്കുകയും ചെയ്തു. പാർക്കിംഗ് സ്ഥലത്ത് പണം കിടക്കുന്നത് കണ്ട മുഹമ്മദ് അലി, ഉടൻ തന്നെ അതിന്റെ ചിത്രങ്ങളും സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് അൽ റഫ പോലീസ് സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ ഉടമയെ കണ്ടെത്തി. ഷിപ്പിംഗ് കമ്പനി ഉടമയായ ഇയാൾ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് ഒരു കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിടുക്കത്തിൽ വാഹനത്തിൽ കയറുന്നതിനിടെ കവർ തുറന്ന് ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് താഴെ വീണുപോയത് അദ്ദേഹം അറിഞ്ഞിരുന്നില്ല. പോലീസ് വിളിച്ച് പറഞ്ഞപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഇയാൾ അറിയുന്നത്. സ്റ്റേഷനിലെത്തി പണം കൈപ്പറ്റിയ അദ്ദേഹം മുഹമ്മദ് അലിക്കും ദുബൈ പോലീസിനും പ്രത്യേക നന്ദി അറിയിച്ചു.

Post a Comment
0 Comments