ED ആക്രമണക്കേസ്: 13 സിപിഎം പ്രവർത്തകർക്ക് 14 ദിവസത്തെ റിമാൻഡ്

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ ഇഡി പരിശോധനക്കിടെ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

സിപിഎം പാലയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പെടെ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ നിതിൻ രാജ്, ഷഹിൻ, ശ്രീജിത്ത്, ജീവൻ, മനോജ് എന്നിവരെയാണ് വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് മൂന്ന് സിപിഎം പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെ അവരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ഉദ്യോഗസ്ഥർക്കും ഡ്രൈവർമാർക്കും പരിക്കേൽക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ സർക്കാർ വാഹനങ്ങൾക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു. 

കൊലപാതകശ്രമം, കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 300-ലധികം പേർക്കെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments