കേരളത്തിന് ഇനി പുതുയുഗം, പുതുനയം; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റതിന്   ശേഷം ആദ്യമായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം കേരളത്തെ ഒരു പുതുയുഗത്തിലേക്ക് നയിക്കുന്നതിനുള്ള കൃത്യമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെല്ലുവിളികളെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ അതിജീവിച്ചാണ് സര്‍ക്കാര്‍ പുതിയ കാലത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രഖ്യാപിച്ച അഞ്ച് 'ഇന്ദിരാ ഗ്യാരന്റികളില്‍' രണ്ടെണ്ണത്തില്‍ ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയുടെ സാമ്പത്തിക വശങ്ങള്‍ പരിശോധിച്ച് ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നര്‍ ടെര്‍മിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കേരളത്തെ വലിയൊരു തുറമുഖ നഗരമാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു.

കുറഞ്ഞ സ്ഥല പരിധിക്കുള്ളില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും. പുതിയ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യേക പരിഗണന നല്‍കും. പതിനായിരം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ കാലാനുസൃതമായ ഭേദഗതികള്‍ വരുത്തും. പ്ലാന്റേഷന്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കുകയും, സാധ്യമാകുന്നിടത്തെല്ലാം ഉപാധിരഹിത പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.

തകര്‍ച്ച നേരിടുന്ന സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. കാര്‍ഷിക മേഖലയെ ഉണര്‍ത്താനുള്ള പദ്ധതികളും ഉണ്ടാകും. സര്‍വ്വകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്താരാഷ്ട്ര നിലവാരമുള്ള 'സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്' ആക്കി മാറ്റും. ആഗോളതലത്തിലെ പുതിയ അറിവുകളെ കേരളത്തിലേക്ക് കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ ആന്തരികവത്കരിക്കും. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും മുന്‍നിര്‍ത്തിയുള്ള സുസ്ഥിര വികസന മാതൃകയായിരിക്കും സര്‍ക്കാരിന്റെ മുഖമുദ്ര.

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കുമരുന്ന് ശൃംഖലയെ തകര്‍ക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും. ചികിത്സാ ചെലവ് കുറയ്ക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. പൊതുജനാരോഗ്യം, ക്യാന്‍സര്‍ കെയര്‍, മാതൃ-ശിശു ആരോഗ്യം, വയോജന-മാനസിക ആരോഗ്യം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. തീരദേശവാസികളുടെ സങ്കടങ്ങള്‍ പരിഹരിക്കാനും, മലയോര കര്‍ഷകരുടെ വന്യജീവി സംഘര്‍ഷം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ആധുനികവും പ്രായോഗികവുമായ പദ്ധതികള്‍ സംയോജിപ്പിച്ച് പരിഹാരം കാണാനും നടപടിയുണ്ടാകും. ദളിത്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ കുട്ടികളുടെ ഇ-ഗ്രാന്റ്‌സ് തടസ്സങ്ങള്‍ നീക്കും. ഭവന നിര്‍മ്മാണത്തിനും ഭൂമി നല്‍കുന്നതിനുമുള്ള പദ്ധതികള്‍ വേഗത്തിലാക്കും. കൂടാതെ, മൂന്ന് വര്‍ഷം കൂടുമ്പോള്‍ കൃത്യമായ പരിശോധന നടത്തി ബാക്ക് ലോഗ് നികത്താന്‍ 'സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്' നടത്തും.

മുതിര്‍ന്ന പൗരന്മാര്‍ക്കായി ഇന്ത്യയില്‍ ആദ്യമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സര്‍ക്കാരാണിതെന്നും ഇത് കൂടുതല്‍ മികച്ച രീതിയില്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ എല്ലാ മേഖലകളിലും സമഗ്രമായ മാറ്റത്തിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ഇതിന് അനുബന്ധമായ കൂടുതല്‍ വിശദമായ പ്രഖ്യാപനങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments