തവണകളാക്കാം, ടാബിയിലൂടെ
രാജ്യത്തെ സർക്കാർ ഫീസുകളും പിഴകളും പ്രതിമാസ തവണകളായി അടക്കാൻ പൊതുജനങ്ങളെ അനുവദിക്കുന്ന പുതിയ പേയ്മെന്റ് സേവനം ആരംഭിച്ച് യുഎഇ.
'ടാബി' (Tabby) എന്ന ഫിൻടെക് കമ്പനിയുമായി സഹകരിച്ചാണ് ധനകാര്യ മന്ത്രാലയം പുതിയ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
'ഇപ്പോൾ വാങ്ങുക, പിന്നീട് പണമടക്കുക' (Buy Now, Pay Later - BNPL) മാതൃകയിലാണ് ഈ സേവനം യുഎഇയിലുടനീളം ലഭ്യമാകുക. ഉപഭോക്താക്കൾ അടക്കേണ്ട മുഴുവൻ ഫീസും അല്ലെങ്കിൽ പിഴത്തുകയും ടാബി മുൻകൂട്ടി അടക്കും. തുടർന്ന് ഉപയോക്താക്കൾ മുൻകൂട്ടി സമ്മതിച്ച വ്യവസ്ഥകൾക്കനുസരിച്ച് ടാബിക്ക് തവണകളായി തുക തിരിച്ചടക്കണം.
തവണകളായി പണമടക്കാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഏറ്റവും മത്സരാധിഷ്‌ഠിതമായ കമ്മീഷൻ നിരക്കാണ് ഇതിനായി നേടിയെടുത്തതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കൾക്ക് പേയ്മെന്റുകൾ എളുപ്പമാക്കാനും, കൂടുതൽ വഴക്കമുള്ള ഓപ്ഷനുകൾ നൽകി ഫെഡറൽ ഗവൺമെന്റിൻ്റെ കളക്ഷൻ പ്രക്രിയ മെച്ചപ്പെടുത്താനും ഈ പങ്കാളിത്തം വഴി ലക്ഷ്യമിടുന്നു.
