ബിഎൽഒക്ക് നേരെ അക്രമം: കാസര്‍ക്കോട് സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
ബിഎൽഒക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. ദേലംപാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും പാണ്ടി ലോക്കൽ സെക്രട്ടറിയുമായ ചാപ്പക്കലിലെ എ സുരേന്ദ്രനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎൽഒ പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്.
എസ്ഐആർ ഫോം നൽകിയില്ലെന്നാരോപിച്ചു ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചതായാണ് പരാതി. പയറടുക്ക വാർഡിലെ ബിഎൽഒ പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച ചാപ്പക്കല്ല് കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വച്ചായിരുന്നു കയ്യേറ്റശ്രമം നടന്നത്.
എസ്ഐആർ ഫോം ശേഖരിക്കുന്നതിനായി എത്തിയതായിരുന്നു ബിഎൽഒ. വാർഡിലെ പുഷ്‌പ എന്ന ആൾക്ക് എസ്ഐആർ ഫോം നല്‍കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ നേരത്തെ പ്രശ്നനമുണ്ടായിരുന്നു. അജിത്ത് ഫോം ഏൽപ്പിച്ച ആൾ പുഷ്‌പ എന്ന ആൾക്ക് കൊടുത്തിരുന്നില്ല. തുടർന്ന് അജിത്ത് പുഷ്പയുടെ വീട്ടിൽ നേരിട്ടെത്തി ഫോം നൽകിയിരുന്നു. പിന്നാലെയാണ് പഞ്ചായത്തംഗം ബിഎൽഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിൻന്റെ വീഡിയോ പ്രചരിച്ചതോടെ കളക്ടർ പ്രശ്‌നത്തിൽ ഇടപെട്ടു. ബന്തഡുക്ക ബീവറേജ് കോർപ്പറേഷനിൽ എൽഡി ക്ലർക്കാണ് പരാതിക്കാരനായ അജിത്ത്.
