സമസ്ത 100-ാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിൽ ചെരുമ്പ മഹല്ലിന് ആദരം

സമസ്ത 100-ാം വാർഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയുടെ അയൽ പ്രദേശമായ ചെരുമ്പ ഹയാത്തുൽ ഇസ്ലാം ജമാ-അത്ത് കമ്മിറ്റി നടത്തിയ ശാസ്ത്രീയവും സുസംഘടിതവുമായ പ്രവർത്തനങ്ങൾക്ക് സമസ്ത വേദിയിൽ വെച്ച് ആദരവ് നൽകി. ഫെബ്രുവരി 2 മുതൽ 8 വരെ കാസർഗോഡ് കുണിയയിൽ നടന്ന മഹാസമ്മേളനത്തിന്റെ വിജയത്തിൽ ചെരുമ്പ മഹല്ലിന്റെ പങ്ക് നിർണായകമായിരുന്നുവെന്ന് സമസ്ത നേതൃത്വം വ്യക്തമാക്കി.

സമ്മേളന പ്രഖ്യാപന നാളുമുതൽ തന്നെ വിജയത്തിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ച ജമാ-അത്ത് കമ്മിറ്റി, സമസ്ത പ്രസിഡണ്ട് ജിഫ്രി മുഹമ്മദ് മുത്തുക്കോയ തങ്ങളുടെ നിർദേശപ്രകാരം മഹല്ല് തലത്തിൽ പ്രവർത്തനസജ്ജരാകണമെന്ന് ആഹ്വാനം ചെയ്തു. മഹല്ലിലെ 450-ഓളം കുടുംബങ്ങളെ ഏകോപിപ്പിച്ച് സമ്മേളന സേവനത്തിനായി രംഗത്തിറക്കുകയായിരുന്നു.

ഗ്ലോബൽ എക്സ്പോയും പ്രതിനിധി ക്യാമ്പും:

സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ഗ്ലോബൽ എക്സ്പോയും 33,313 പ്രതിനിധികൾക്കായുള്ള വിപുലമായ ക്യാമ്പും ഫെബ്രുവരി 2 മുതൽ 8 വരെ വിവിധ ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചു. സമ്മേളനത്തിനെത്തുന്നവരുടെ സ്വീകരണവും പരിചരണവും സൗകര്യങ്ങളൊരുക്കലും ചെരുമ്പ മഹല്ലിന്റെ കീഴിൽ കാര്യക്ഷമമായി നടപ്പാക്കി.
ഗ്ലോബൽ എക്സ്പോയിലേക്ക് എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ ബാത്ത്‌റൂം സൗകര്യങ്ങൾ വീടുകളിൽ ഒരുക്കാൻ മഹൽ നിവാസികൾ തയ്യാറായി. വാഹന പാർക്കിംഗിനായി വീടുകളുടെ പറമ്പുകൾ വിട്ടുനൽകുകയും ചെയ്തു.

താമസവും ഭക്ഷണവും:

സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പണ്ഡിതന്മാർക്കും ഉസ്താദ്മാർക്കും വിദ്യാർത്ഥികൾക്കും മറ്റു അതിഥികൾക്കും താമസ സൗകര്യമായി മഹല്ലിന് കീഴിലുള്ള പള്ളികളും മദ്രസകളും ജമാ-അത്ത് കെട്ടിടങ്ങളും വീടുകളും തുറന്നു നൽകി. ഓരോ ദിവസവും രാവിലെ സുബഹി നിസ്കാരത്തിന് ശേഷം വീടുകളിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം താമസിക്കുന്നവർക്ക് വിതരണം ചെയ്തു.

വെള്ളക്കുറവ് മറികടന്ന്:

വെള്ളത്തിന്റെ ആവശ്യകത വർധിച്ച സാഹചര്യത്തിൽ ആദ്യം മൊയ്‌ദീൻ കുഞ്ഞി ഹാജിയുടെ വീടിൽ നിന്നു വെള്ളം ലഭ്യമാക്കി. തുടർന്ന് ആവശ്യകത കൂടിയപ്പോൾ പരിസര വീടുകളിൽ നിന്നുമുള്ള വെള്ളവും ഉപയോഗിച്ചു. ഒടുവിൽ ജമാ-അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ കമ്പനിയിൽ നിന്ന് ടാങ്കർ ലോറിയിലൂടെ വെള്ളം എത്തിച്ച് താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റി.

ഗ്രാൻഡ് ജുമുഅ ചരിത്രം:

ഫെബ്രുവരി 6-ാം തീയതി വെള്ളിയാഴ്ച രണ്ട് മഹല്ലുകളിൽ ഗ്രാൻഡ് ജുമുഅ സംഘടിപ്പിക്കണമെന്ന് സമസ്ത നിർദേശിച്ചതനുസരിച്ച്, അതിൽ ഒന്ന് ചെരുമ്പ ജമാ-അത്തിന് കീഴിലുള്ള രിഫാഹിയ്യ ജുമാ മസ്ജിദ് ൽ നടന്നു. 4,000 പേർക്ക് മാത്രം സൗകര്യമുള്ള മസ്ജിദ് പതിനായിരത്തോളം വിശ്വാസികൾക്ക് ജുമുഅ നിസ്കാരം നടത്താനായി വിപുലീകരിച്ചു. പള്ളിയുടെ ഉള്ളിലെ മിഅറാബ് ജനൽക്കട്ടിലുകൾ നീക്കി ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കുകയും മിമ്ബർ ഒരുക്കുകയും ചെയ്തു. ജുമുഅ നിസ്കാരത്തിന് മസ്ജിദ് മുദരിസ് അബ്ദുൽ റൗഫ് ഫൈസി ചേരൂർ നേതൃത്വം നൽകി.

യുവാക്കളുടെ വിഖായ സേവനം:
ചെരുമ്പ മഹല്ലിലെ മുഴുവൻ യുവാക്കളും മുതിർന്നവരും വിഖായ വളണ്ടിയർമാരായി സേവനം അനുഷ്ഠിച്ചു. പള്ളിക്കര സംയുക്ത ജമാഅത്തും ബേക്കൽ റൈഞ്ചും കീഴിലുള്ള ചെരുമ്പ ജമാ-അത്ത് കമ്മിറ്റിയും, ബേക്കൽ റൈഞ്ച് പ്രസിഡന്റ് അബൂബക്കർ സിദ്ധീക് ഫൈസി ഇർഫാനയുടെ നേതൃത്വത്തിൽ മിഫ്താഹുൽ ഉലൂം മദ്രസ്സയും പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.

സമസ്തയുടെ അംഗീകാരം: 
സമസ്തയുടെ മഹാസമ്മേളനം കാസർഗോഡ് ജില്ലയിലെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നപ്പോൾ അതിന്റെ ഭാഗമാകാൻ ചെരുമ്പ മഹല്ലിനും സാധിച്ചു. സമ്മേളന വിജയത്തിൽ ചെരുമ്പ മഹല്ലിന്റെ സമഗ്ര പങ്കാളിത്തം പരിഗണിച്ച് സമസ്ത വേദിയിൽ ജമാ-അത്ത് കമ്മിറ്റിയെ ആദരിച്ചു.

ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ജനറൽ സെക്രട്ടറി സി.പി. സുലൈമാനും കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി. സമസ്ത പോലൊരു മഹാപണ്ഡിതസഭയിൽ നിന്ന് ലഭിച്ച ഈ അംഗീകാരം മഹല്ലിലെ ഓരോ വീട്ടുകാരുടെയും, നാട്ടുകാരുടെയും  ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലമാണെന്ന് ജമാ-അത്ത് കമ്മിറ്റി വ്യക്തമാക്കി. സമ്മേളനത്തിനായി എത്തിയ പണ്ഡിതന്മാർക്കും ഉസ്താദ്മാർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി സേവനം നടത്താനായതിൽ ചെരുമ്പ മഹല്ലിലെ നാട്ടുകാർ മുഴുവൻ വലിയ ആത്മസന്തൃപ്തിയിലാണ്.