വാൽപ്പാറയിൽ മിനി വാൻ മറിഞ്ഞ് അപകടം: മരണ സംഖ്യ ഒമ്പതായി, മരിച്ചത് മലപ്പുറം സ്വദേശികൾ
കോയമ്പത്തൂർ പൊള്ളാച്ചി വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് മലയാളികളായ ഒമ്പതുപേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും രണ്ടുപേർ കുട്ടികളുമാണ്. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് അപകടം. മലപ്പുറത്തുനിന്ന് വിനോദയാത്രക്കുപോയ അധ്യാപക സംഘമാണ് അപകടത്തിൽപെട്ടത്. മലപ്പുറം പാങ് പാറമ്മൽ എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. 13-ാം ഹെയർ പിൻ വളവിൽ നിന്ന് മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ വാൻ 11-ാം വളവിലാണ് വന്ന് പതിച്ചത്.
പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമാണ്. ഡ്രൈവറടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 40 ഹെയർപിൻ വളവുകളാണ് വാൽപ്പാറ ചുരത്തിലുള്ളത്. ചുരത്തിൽ വ്യൂ പോയിന്റുകളടക്കമുണ്ട്. ചാലക്കുടി -അതിരപ്പിള്ളി - മലക്കപ്പാറ വഴിയാണ് സംഘം വാൽപ്പാറയിലെത്തിയത്.

Post a Comment
0 Comments