സിൽവർലൈൻ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കും; PSC റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടും
ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്രസ്‌തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിൽവർലൈനുമായി ബന്ധപ്പെട്ടുള്ള കേസുകൾ അതിൻ്റെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ തീരുമാനിച്ചു. സിൽവർലൈൻ പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിർദേശം നൽകിയതായി വിഡി സതീശൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതി ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസം നേരിട്ട് മനസ്സിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘പദ്ധതി നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിച്ചിട്ടും ഇല്ല. നിരവധി വർഷങ്ങളായി ഈ ഭൂമി വാങ്ങാനോ വിൽക്കാനോ സാധാരണക്കാർക്ക് സാധിക്കുന്നില്ല. സിൽവർ ലൈനിനെ എതിർത്ത് ഞങ്ങൾ സമരം ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനം', വിഡി സതീശൻ പറഞ്ഞു. 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബർ 30 വരെ ദീർഘിപ്പിക്കാൻ പിഎസ്സിക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും തിരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ മൂലം പിഎസ്സിക്ക് നിയമന ഉത്തരവ് നൽകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് മൂന്ന് മാസത്തേക്ക് കാലാവധി നീട്ടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നൂറുദിന കർമ്മപരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനപത്രികയിലുള്ള എല്ലാ കാര്യങ്ങളഉം പൂർത്തിയാക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ എടുത്ത നടപടികൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Post a Comment
0 Comments