21 പേജ് കത്ത് കമ്മീഷന് മുന്നില്‍ 25 ആയി: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന്


ഏറെ വിവാദമായ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനം വെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ല ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്‍കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.