ഇമ അല്‍ ഐന്‍: ആയിഷ കലാം മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു



അല്‍ ഐനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവും പ്രവാസി സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങളിലൂടെ സമൂഹത്തിൽ ഇടപെടലുകൾ നടത്തുന്ന വനിത സംഘടനയുമായ അല്‍ ഐന്‍ ഇന്ത്യൻ മഹിള അസോസിയഷന്റെ (ഇമ) നേതൃത്വത്തിൽ ആയിഷ കലാം മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ വൺ സംഘടിപ്പിച്ചു.
അല്‍ ഐന്‍ ഇൻകാസിന്റെയും ഇമയുടെയും സഹയാത്രികരായ അബ്ദുൽ കലാമിന്റെയും ജെസ്സി കലാമിന്റെയും പുത്രി പതിനൊന്നാം  വയസ്സിൽ മരണത്തിന് കീഴടങ്ങിയ ആയിഷ അബ്ദുല്‍ കലാം എന്ന കുട്ടിയുടെ സ്മരണക്കാണ് ടൂര്‍ണമെന്റ് ഒരുക്കിയത്. 
സ്ത്രീകൾക്കും കുട്ടികൾക്കുമായി നടന്ന ബാഡ്മിന്റൺ ഡബിൾ‍സ്‌ ടൂർണമെന്റ് ആവേശകരമായി. ഇന്ത്യൻ മഹിള അസോസിയേഷൻ പ്രസിഡൻ്റ് ബിജിലി അനീഷ് അധ്യക്ഷത വഹിച്ചു. ഇമ ജനറൽ സെക്രട്ടറി ഫൈജി സെമിർ സ്വാഗതം പറഞ്ഞു. അല്‍ ഐന്‍ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ റസ്സൽ മുഹമ്മദ് സാലി മുഖ്യ സന്ദേശം നൽകി. ഡോ. ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ ഇടശ്ശേരി, ഇകെ സലാം, ടിവിഎന്‍ കുട്ടി, റൂബി ആനന്ദ്, മുബാറക് മുസ്തഫ, ആനന്ദ് പവിത്രൻ, സലിം വെഞ്ഞാറൻമൂട് സംസാരിച്ചു.  പ്രോഗ്രാം കണ്‍വീനര്‍ ദീപ പറയത്ത്‌ നന്ദി പറഞ്ഞു.

ഡബിൾ‍സിൽ മുപ്പത് ടീമുകൾ മത്സരിച്ചു. മൂന്ന് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ 17  ഗേൾസ്‌ കാറ്റഗറിയിൽ ഫർസീൻ & ജോനാ ടീം ജേതാക്കളായി. അണ്ടർ 17 ബോയ്സ് കാറ്റഗറിയിൽ  മുഹമ്മദ് ഫീസാൻ, മാധവ് മുരളി ടീം വിജയിച്ചു. വനിത വിഭാഗത്തില്‍ ആമിനാ, അഞ്ചു ഡബിൾ‍സ്‌ കൂട്ട് കെട്ടിൽ വിന്നേഴ്സ് ട്രോഫിയും ,ക്യാഷ് അവാർഡിനും അർഹരായി ആയിഷ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ വണ്ണിലെ ആദ്യ റോളിംഗ് ട്രോഫി കരസ്ഥമാക്കി. ടൂർണമെന്റിലെ രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകൾക്ക് റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും മെഡലും 
സെമി ഫൈനലില്‍ മത്സരിച്ചവര്‍ക്ക് ട്രോഫികളും  മെഡലുകളും, പങ്കെടുത്ത മുഴുവൻ ടീം അംഗങ്ങൾക്കും മെഡലും നൽകി ആദരിച്ചു.