തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി




നടക്കുന്നത്, ദലിത്-ഒബിസി വോട്ടുകൾ വെട്ടി മാറ്റല്‍: സമ്മര്‍ദം താങ്ങാനാവാതെ ബിഎല്‍ഒമാര്‍ ജീവനൊടു ക്കുന്നു 

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി 

എസ്ഐആർ 'രാഷ്ട്രീയ ഫിൽട്രേഷൻ ഡ്രൈവ്' ആയതായി രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകർക്കുന്ന ഈ നടപടികൾക്ക് പൂർണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

വോട്ടർ പട്ടിക പുതുക്കലെന്ന പേരിൽ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകൾ നീക്കം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗൗരവതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്ത് നടപ്പാക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ 'ഫിൽട്രേഷൻ ഡ്രൈവായി' മാറി. ബൂത്ത് ലെവൽ ഓഫീസർമാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെട്ട വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ നിർദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബിഎൽഒ ആയിരുന്ന വിപിൻ യാദവിൻ്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മർദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകൾ നീക്കം ചെയ്യണമെന്ന സമ്മർദ്ദം പാലിക്കാത്ത പക്ഷം ജോലിയിൽ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവിന് ഭീഷണിയുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ 19 ദിവസത്തിനിടെ 16-ഓളം ബിഎൽഒമാർ മരണമടഞ്ഞുവെന്ന കോൺഗ്രസിൻ്റെ ആരോപണവും രാഹുൽ ഗാന്ധി ഉയർത്തിപ്പിടിച്ചു. അമിത സമ്മർദ്ദവും നിർബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങൾക്കുമുള്ള കാരണമെന്ന് പാർട്ടി വ്യക്തമാക്കി.