റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍
ദേളി കുന്നുപാറ മുബഷിർ (30) ആണ് ദുരൂഹസാഹചര്യത്തിൽ ഇന്ന് രാവിലെ സബ് ജയിലില്‍ മരിച്ചത്. ജയിലിനകത്ത് വെച്ച് പ്രതിക്ക് ആവശ്യമില്ലാത്ത ഗുളികകൾ നൽകിയിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. തത്സമയം ഈ വിഷയം മുബഷിർ പങ്കുവെച്ചതായി കുടുംബം പറയുന്നു.
മുബഷിർ വർഷങ്ങളായി വിദേശത്തായിരുന്നെന്നും ഒരു മാസം മുമ്പ് നാട്ടിലെത്തി കീഴടങ്ങിയതാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. എൻഎ നെല്ലിക്കുന്ന് എംഎല്‍എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. മരണ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുബഷിറിൻ്റെ മൃതദേഹം കാസര്‍ക്കോട് ഗവൺമെൻ്റ് ജനറൽ ആശുപത്രി മോർച്ചറിയിൽ വെച്ച് ആർഡിഒയുടെ മേൽനോട്ടത്തിൽ കാസര്‍ക്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തി. അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പരിശോധിച്ച് കുടുബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ടായിരിക്കും കേസിൽ നിർണ്ണായകമാകുക.
