കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങുംമുമ്പ് ഫണ്ട് കണക്ക് പുറത്തുവിടാൻ മനസില്ലെന്ന് എംവി ഗോവിന്ദൻ

ധനരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നത് വെളിപ്പെടുത്തിയ വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങുംമുമ്പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ മനസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾക്ക് എന്തും പറയാമെന്നും പുസ്തകത്തിൽ അനാവശ്യം പറഞ്ഞിട്ടുണ്ടെങ്കിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയിൽ മാത്രം കണക്ക് ബോധിപ്പിച്ചാൽ മതിയെന്ന് നേരത്തെ കെകെ രാഗേഷും പ്രസ്താവിച്ചിരുന്നു.

പയ്യന്നൂരെ രക്തസാക്ഷി ധനരാജിന്റെ കുടുംബ സഹായ ഫണ്ടിൽ തിരിമറി നടത്തി എന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പൊതുസമൂഹത്തിന് മുന്നിൽ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന പതിവില്ല എന്ന് വാദിച്ചിരുന്ന നേതൃത്വം ഇപ്പോൾ നിലപാട് തിരുത്തിയിട്ടുണ്ട്. പുസ്‌തകത്തിലെ വിശദാശങ്ങൾ അറിഞ്ഞ ശേഷം കണക്ക് പുറത്തുവിടുമെന്ന് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ്റെ വെല്ലുവിളി വന്നത്.

വിവാദങ്ങൾക്ക് തിരികൊളുത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ്റെ പുസ്തകം നാളെ പുറത്തിറങാൻ  പോകുന്നത്. നേതൃത്വത്തെ അണികൾ തിരുത്തുമെന്ന പുസ്‌തകം ജോസഫ് സി മാത്യു വിഎസ് അനിൽകുമാറിന് നൽകിയാണ് പ്രകാശനം നിർവഹിക്കുക.