സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് ഉജ്വല സമാപനം

സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് ഉജ്വല സമാപനം. കാസര്‍ക്കോട് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങൾ നഗരിയില്‍ ‍നടന്ന സമ്മേളനം സമസ്തയുടെ ശക്തിയും സ്വാധീനവും തെളിയിക്കുന്നതായി. 
കേരളത്തിലെയും കര്‍ണ്ണാടകയിലെയും ജന പ്രതിനിധികളും നേതാക്കളും നിറഞ്ഞു നിന്നു സമ്മേളന  വേദിയില്‍. അറബ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മത പണ്ഡിതന്മാരും വിശിഷ്ട വ്യക്തികളും പരിപാടിയില്‍ സാന്നിധ്യം അറിയിച്ചു. നാല് ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനവും റെക്കോര്‍ഡ് കുറിച്ചു. രജിസ്റ്റര്‍ ചെയ്ത 33,313 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ മുഴു സമയവും പങ്കെടുത്തത്.
ഇത്തരം ഒരു സംസ്ഥാന സമ്മേളനം കാസര്‍ക്കോട് ജില്ലക്ക് ആദ്യ അനുഭവമാണ്. അതിനാല്‍ ജില്ല ഒന്നടങ്കം സമ്മേളനം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. ദൂരെ ദിക്കുകളില്‍ നിന്ന് സമ്മേളനത്തിന് മുന്‍കൂട്ടി വന്നവർക്കായി സ്വന്തം വീടുകള്‍ വിട്ടു നല്‍കിയും, സത്കാരം ഒരുക്കിയും കാസര്‍ക്കോട് ജില്ല സന്തോഷം പ്രകടിപ്പിച്ചു. സമ്മേളനത്തിന് പ്രവര്‍ത്തകരുമായി കടന്നു വരുന്ന വാഹനങ്ങളെ ജില്ല അതിർത്തി മുതൽ പാനീയങ്ങളും പഴ വര്‍ഗ്ഗങ്ങളും നല്‍കി സ്വീകരിച്ചു.
ഒരു നൂറ്റാണ്ട് പിന്നിട്ട ആദർശ പ്രസ്ഥാനം പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ  ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി ഇന്നലെ. അക്ഷരാർത്ഥത്തിൽ കുണിയ ശുഭ്രസാഗരമായി മാറിയ കാഴ്ച. വൈജ്ഞാനിക വിപ്ലവത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമാപന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്രമായി.
ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാല റെക്ടർ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.സമസ്‌തയുടെ പാരമ്പര്യം വരുംതലമുറക്ക് കൈമാറാനുള്ള പ്രതിജ്ഞാബദ്ധത സമ്മേളനം ഊട്ടിയുറപ്പിച്ചു. ഇരുപെരുന്നാളുകൾക്കും (ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ) സർക്കാർ മൂന്ന് ദിവസം വീതം അവധി നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യം സമ്മേളനത്തിന് അന്താരാഷ്ട്ര മാനം നൽകി.
സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് സമസ്‌തയുടെ ശതാബ്‌ദി അവാർഡ് സമ്മാനിച്ചു. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയയെ ചടങ്ങിൽ ആദരിച്ചു. എംടി അബ്ദുല്ല മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു. എംപി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ സമാപന പ്രാർത്ഥനക്ക് നേതൃത്വം നല്‍കി.