'ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂ‌ൾ' ഷാർജയില്‍ പ്രവർത്തനമാരംഭിച്ചു

തലപ്പത്ത് അനുഭവ സമ്പന്നരായ അധ്യാപകർ 

'ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂ‌ൾ' ഷാർജയില്‍ പ്രവർത്തനമാരംഭിച്ചു

ഷാർജയിൽ ഒരു പുതിയ ഇന്ത്യന്‍ സ്കൂളിന് കൂടി തുടക്കമായി. ഷാർജ റഹ്മാനിയ്യ കേന്ദ്രീകരിച്ച് 
'ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂ‌ൾ' പ്രവര്‍ത്തനമണ്ഡലം ആരംഭിച്ചതായി മാനേജ്മെന്റ്  സാരഥികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാവിയുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വിദ്യാഭ്യാസ മാതൃക വിദ്യാർത്ഥികൾക്ക് നൽകുകയെന്ന ദർശനത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. സമർപ്പണ ബോധവും പുതുതലമുറയുടെ ഭാവിയും ലക്ഷ്യമാക്കി ഒരു കൂട്ടം അധ്യാപകരാണ് സ്കൂളിന് തുടക്കമിട്ടത്. പതിവ് മാനേജ്മെന്റ് രീതികളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകർ തന്നെയാണ് സ്കൂളിന്റെ മാനേജ്മെന്റ് ചുമതലകൾ നിർവഹിക്കുക.  ഇതിലൂടെ കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ കഴിയുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ആധുനികവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുമായ പഠനരീതികൾ ഉൾക്കൊള്ളുന്ന ക്യാമ്പസാണ് സ്കൂളിനായി ഒരുക്കിയിരിക്കുന്നത്. പഠനപ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥികളുടെ വിശകലന ശേഷിയും സൃഷ്ടിപരമായ ചിന്തയും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. അക്കാദമിക് മികവിനൊപ്പം കായികം, കലകൾ, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന സമഗ്ര വിദ്യാഭ്യാസ രീതിയാണ് സ്കൂൾ പിന്തുടരുന്നത്.
പരിമിതമായ വിദ്യാർത്ഥി പ്രവേശനം എന്ന പ്രത്യേകതയിലൂടെ ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളും വ്യക്തിത്വവും അടുത്തറിയാനും വ്യക്തിഗത ശ്രദ്ധ നൽകാനും സാധിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിലൂടെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയും പഠനഫലം മെച്ചപ്പെടുകയും ചെയ്യും.

വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിശാലവും സജീവവുമായ പഠനാന്തരീക്ഷമാണ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷ, സൗകര്യങ്ങൾ, ആധുനിക ക്ലാസ് മുറികൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ പഠനത്തെ കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
സ്കൂളിന്റെ നേതൃത്വം നിർവഹിക്കുന്നത് മാനേജിംഗ് ഡയറക്ടർ  നുജുo എന്‍ റാവുത്തര്‍, പ്രിൻസിപ്പൽ മുഹമ്മദ് അമീന്‍, അഡ്മിൻ ഡയറക്ടർ ഫെറാജ് ഷാഹുല്‍ ഹമീദ്‌, അക്കാദമിക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാന്‍ എന്നിവരാണ്.

Post a Comment

0 Comments