യുഡിഎഫ് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തും: മുസ്ലിം ലീഗ്

യുഡിഎഫിന് ഇത്തവണ വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിനെതിരായ ജനവികാരവും യുഡിഎഫിന്റെ പ്രകടനപത്രികയും വിജയത്തിന് വഴിയൊരുക്കും. ഇടത് മുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും മികച്ച പോരാട്ടം നടത്താനായെന്നും ജനവികാരം പ്രതിഫലിക്കുന്ന സർക്കാരിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും യോഗം വ്യക്തമാക്കി.

എൽഡിഎഫ് എന്ത് തന്ത്രങ്ങൾ പ്രയോഗിച്ചാലും യുഡിഎഫിന്റെ വിജയം ഉറപ്പാണെന്ന് യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഈ ജനവിധി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഏകീകരണമല്ല, എല്ലാ വിഭാഗം ജനങ്ങളും യുഡിഎഫിനെ പിന്തുണച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കൃത്യമായ കീഴ്‌വഴക്കങ്ങൾ അനുസരിച്ചായിരിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയും പവർ കട്ടും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് യുഡിഎഫ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും തൃശൂർ വെടിക്കെട്ട് അപകടത്തിൽപ്പെട്ടവർക്കും സഹായം നൽകണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിവിധ അപകടങ്ങളിൽ മരിച്ചവർക്കും അന്തരിച്ച മുസ്ലിംലീഗ് നേതാവ് പി  കുഞ്ഞിമുഹമ്മദിനും യോഗം അനുശോചനം രേഖപ്പെടുത്തി. കെഎംസിസി വളണ്ടിയർമാരുടെയും ഹാജീസ് ഹെൽപിങ് ഹാൻഡ്സിന്റെയും സേവനങ്ങളെ യോഗം പ്രശംസിച്ചു.

ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ രാഷ്ട്രീയ വിഷയങ്ങൾ വിശദീകരിച്ചു. നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എംകെ മുനീർ എംഎൽഎ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പികെകെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, സെക്രട്ടേറിയറ്റ് ക്ഷണിതാക്കൾ, ജില്ല പ്രസിഡൻ്റ് ജനറൽ സെക്രട്ടറിമാർ, പോഷക ഘടകം പ്രതിനിധികൾ, സ്ഥാനാർത്ഥികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വിഎം ഉമ്മർ മാസ്റ്റർ നന്ദി പറഞ്ഞു

Post a Comment

0 Comments