'അവസാനത്തെയും മികച്ചതുമായ' ഒരു നിർദ്ദേശം വെച്ചു, ഇറാന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു: ജെഡി വാൻസ്
അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചരിത്രപരമായ ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ഒടുവിലും ക്രിയാത്മകമായ ഒരു തീരുമാനത്തിൽ എത്താൻ ഇരു രാജ്യങ്ങൾക്കും സാധിച്ചില്ലെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അറിയിച്ചു
ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വാൻസ് ഇങ്ങിനെ പറഞ്ഞു:
'ചില സുപ്രധാന ചർച്ചകൾ ഇറാനുമായി നടത്താൻ സാധിച്ചു എന്നത് നല്ല വാർത്തയാണ്. എന്നാൽ ഒരു കരാറിൽ എത്താൻ സാധിച്ചില്ല എന്നത് മോശം വാർത്തയും. ഇത് അമേരിക്കയേക്കാൾ കൂടുതൽ ഇറാനാണ് ദോഷം ചെയ്യുക എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങളുടെ ഉപാധികൾ അംഗീകരിക്കേണ്ടെന്ന് അവർ തീരുമാനിച്ചിരിക്കുകയാണ്'- വാൻസ് പറഞ്ഞു.
ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ രേഖാമൂലം ഉറപ്പുനൽകണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യം ഇറാൻ തള്ളിയതാണ് ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണം. ചർച്ചകൾക്ക് ശേഷം അമേരിക്ക തങ്ങളുടെ 'അവസാനത്തെയും മികച്ചതുമായ' (Final and best offer) ഒരു നിർദ്ദേശം ഇറാനു മുന്നിൽ വെച്ചിട്ടുണ്ടെന്നും അതിനോടുള്ള ഇറാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വാൻസ് കൂട്ടിച്ചേർത്തു. 1979-ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചയായിരുന്നു ഇത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും വാൻസ് കൂടിക്കാഴ്ച നടത്തി.

Post a Comment
0 Comments