ഹജ്ജ്: അൽ മശാഇർ ട്രെയിൻ സർവീസിന് തുടക്കം; മണിക്കൂറിൽ 72,000 തീർഥാടകർക്ക് യാത്ര ചെയ്യാം, 9സ്റ്റേഷനുകൾ

ഹജ്ജ് തീർഥാടകർക്കായി പുണ്യസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അൽ മശാഇർ മെട്രോ ട്രെയിൻ സർവീസുകൾക്ക് ഇന്നലെ തുടക്കമായി. മിനാ, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലുടനീളം വ്യാപിച്ചുകിടക്കുന്ന 9 അത്യാധുനിക സ്റ്റേഷനുകൾ വഴിയാണ് തീർഥാടകർക്കായി മശാഇർ സർവീസ് നടത്തുന്നത്. ഇതിൽ മിനായിലെ അവസാന സ്റ്റേഷൻ ചെന്നെത്തുന്നത് പ്രശസ്തമായ ജംറ പാലത്തിന്റെ നാലാം നിലയിലേക്കാണ് എന്നത് തീർഥാടകർക്ക് ഏറെ ആശ്വാസകരമാകും.

ഇത്തവണത്തെ ഹജ്ജ് സീസൺ പ്രമാണിച്ചുള്ള പ്രവർത്തന സജ്ജീകരണങ്ങൾ പൂർത്തിയാക്കിയാണ് സർവീസുകൾക്ക് തുടക്കം കുറിച്ചതെന്ന് സൗദി റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. ഒരേസമയം 3,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 17 അത്യാധുനിക ട്രെയിനുകളുടെ ഒരു വലിയ വ്യൂഹമാണ് സർവീസിനായി നിരത്തിലിറക്കിയിരിക്കുന്നത്. ഇതുവഴി ഓരോ മണിക്കൂറിൽ 72,000-ത്തിലധികം തീർഥാടകരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ സാധിക്കും. ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും സുരക്ഷാ ആവശ്യകതകളും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി വിപുലമായ അറ്റകുറ്റപ്പണികളും കർശനമായ പരിശോധനകളും സൗദി റെയിൽവേ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

Post a Comment

0 Comments