സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഈയാഴ്‌ച അവസാനത്തോടെ കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഈയാഴ്‌ച അവസാനത്തോടെ
കാലവർഷം എത്താനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്കാണ് ആദ്യം കാലവർഷം പ്രവേശിക്കാനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും വ്യാപക മഴ ലഭിക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 14: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. മെയ് 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. മെയ് 16: തൃശൂർ, പാലക്കാട്, മലപ്പുറം.

ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Post a Comment

0 Comments