ദുബൈയില്‍ പാർക്കിങ്, സാലിക് നിരക്ക് കൂട്ടി: സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തി പാർക്കിൻ
ദുബൈയിലെ പാർക്കിങ് ഓപറേറ്റർമാരായ പാർക്കിൻ എല്ലാ സേവനങ്ങൾക്കും അടുത്ത മാസം ഒന്നാം തീയതി മുതൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നു. ജൂൺ ഒന്ന് മുതലാണ് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരികയെന്ന് അധികൃതർ അറിയിച്ചു.
റോഡരികിലെ പാർക്കിങ് (ഓൺ-സ്ട്രീറ്റ്), നിശ്ചിത പാർക്കിങ് കേന്ദ്രങ്ങൾ (ഓഫ്-സ്ട്രീറ്റ്), സീസണൽ കാർഡുകൾ, വിവിധ പെർമിറ്റുകൾ, റിസർവേഷനുകൾ എന്നിവയുൾപ്പെടെ പാർക്കിൻ നൽകുന്ന എല്ലാവിധ സേവനങ്ങൾക്കും ഈ അഞ്ച് ശതമാനം നികുതി ബാധകമായിരിക്കും. ഇതിനൊപ്പം സാലിക് ടോൾ നിരക്കുകൾക്കും സാലിക് ടാഗ് ആക്‌ടിവേഷൻ ചാർജുകൾക്കും ജൂൺ ഒന്നു മുതൽ വാറ്റ് ബാധകമാകും. ഇങ്ങനെ ശേഖരിക്കുന്ന നികുതി തുക നിയമ പ്രകാരം ഫെഡറൽ ടാക്സ്
അതോറിറ്റിക്ക് കൈമാറുമെന്നും സാലിക് അറിയിച്ചു.
നികുതി പരിഷ്കാരത്തിന് പുറമെ ദുബൈയിലെ ഡിജിറ്റൽവൽക്കരണ നയത്തിന്റെ ഭാഗമായി പാർക്കിങ് മീറ്ററുകളിലെ കറൻസി/നാണയങ്ങൾ വഴിയുള്ള പണമിടപാടുകൾ ജൂൺ ഒന്ന് മുതൽ പൂർണമായും നിർത്തലാക്കുകയാണെന്ന് പാർക്കിൻ കമ്പനി അറിയിച്ചു. ഇതോടെ പാർക്കിങ് കേന്ദ്രങ്ങളിലെ മെഷീനുകളിൽ പണം നിക്ഷേപിച്ച് ടിക്കറ്റെടുക്കുന്ന രീതി
അവസാനിക്കും. എന്നാൽ വാഹനയുടമകൾക്ക് നോൽ കാർഡുകൾ വഴിയും വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും തുടർന്നും പാർക്കിങ് നിരക്കുകൾ അടയ്ക്കാവുന്നതാണ്. പാർക്കിൻ മൊബൈൽ ആപ്ലിക്കേഷൻ, എസ്എംഎസ് സന്ദേശങ്ങൾ, ദുബൈ നൗ ആപ്പ്, ആർടിഎ ആപ്പ് എന്നിവയിലൂടെ തടസ്സമില്ലാതെ പാർക്കിങ് ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ടാകും.

Post a Comment
0 Comments