രഹസ്യം, നിഗൂഢo! ഇറാഖിലെ മരുഭൂമിയിൽ അതീവ രഹസ്യമായി സൈനികതാവളം നിർമിച്ച് ഇസ്രായേല്‍
പശ്ചിമേഷ്യയിൽ ഇസ്രയേല്‍ ഇറാന്‍ യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങവെ, ആഗോള സൈനിക, രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇറാഖിൻ്റെ മണ്ണിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അതീവ രഹസ്യമായി സൈനിക താവളം നിർമ്മിച്ചതായും യുദ്ധത്തിലുടനീളം അത് സംരക്ഷിക്കാൻ കടുത്ത പോരാട്ടങ്ങൾ നടത്തിയതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ തൊട്ടടുത്ത് ആയാണ് ഇത്തരമൊരു കേന്ദ്രം നിർമിച്ചത്. ഇസ്രയേൽ വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായും സ്പെഷ്യൽ ഫോഴ്‌സിൻ്റെ താവളമായുമാണ് ഇത് പ്രവർത്തിച്ചിരുന്നത്.
ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിലാണ് ഈ രഹസ്യ താവളം സ്ഥിതി ചെയ്യുന്നതെന്നാണ് സൂചനകൾ. ഇറാനിലേക്ക് അതിവേഗം മിസൈലുകളും ഡ്രോണുകളും തൊടുക്കാനും, ഇറാൻ്റെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനുമായി ഇസ്രയേൽ ചാരസംഘടനയായ മൊസാദും ഐഡിഎഫും ചേർന്ന് മാസങ്ങൾ എടുത്താണ് ഈ പദ്ധതി പൂർത്തിയാക്കിയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ പോലും പൂർണ പിന്തുണയില്ലാതെയാണ് ഇസ്രയേൽ ഈ സാഹസത്തിന് മുതിർന്നതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഈ താവളത്തിൽ അത്യാധുനിക എയർ ഡിഫൻസ് സംവിധാനങ്ങളും, റഡാറുകളും, ദീർഘദൂര മിസൈലുകളും വിന്യസിച്ചിട്ടുണ്ട്. ഇറാൻ്റെ ഉള്ളിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള എഫ്-35 യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും ലാൻഡ് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ച് ആദ്യവാരത്തിലാണ് അതീവ രഹസ്യ കേന്ദ്രത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.

Post a Comment
0 Comments