ലഹരിക്കടത്ത് തകർത്ത് യുഇയും സൗദിയും; 2,67,300 ആംഫെറ്റാമൈൻ ഗുളികകൾ പിടികൂടി
ലഹരിക്കടത്ത് തകർത്ത് യുഎഇയും സൗദി അറേബ്യയും. 2,67,300 ആംഫെറ്റാമൈൻ ലഹരി ഗുളികകൾ പിടികൂടി. യുഎഇ നാഷണൽ ആൻ്റി നാർക്കോട്ടിക് അതോറിറ്റിയും ദുബൈ പോലീസും സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളുമായി ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ഈ വൻ ലഹരിക്കടത്ത് തകർത്തത്. വിപണിയിൽ വിതരണം ചെയ്യുന്നതിന് തൊട്ടുമുമ്പ് പിടികൂടിയ ഈ ലഹരി മാഫിയ സംഘത്തിലെ എല്ലാ പ്രതികളെയും സുരക്ഷാസേന അറസ്റ്റ് ചെയ്‌തു. ക്രിമിനൽ സംഘങ്ങളുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നത് ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനത്തിന് തെളിവാണെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹത്തെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ലഹരിക്കടത്ത് സംഘങ്ങളെ ഇല്ലാതാക്കാൻ യുഎഇയുമായുള്ള സംയുക്ത പരിശോധനകളും നിരീക്ഷണങ്ങളും ശക്തമായി തുടരുമെന്ന് സൗദി ഡ്രഗ് കൺട്രോൾ വിഭാഗവും അറിയിച്ചു.

Post a Comment
0 Comments