മനുഷ്യന്റെ അന്തസ്സും അഭിമാനവും കാത്തു സംരക്ഷിക്കുക എന്നതാണ് യുഎഇയുടെ പ്രധാന തത്വമെന്ന് ശൈഖ ജവഹർ അൽ ഖാസിമി

മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നത് ധാർമികമായ അനിവാര്യതയും ഒരു രാജ്യത്തിന്റെ നിർണായക മൂല്യവുമാണെന്ന വിശ്വാസത്തിൽ യുഎഇയും ഷാർജയും എപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് 
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും ഷാർജ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി കൗൺസിൽ അധ്യക്ഷയുമായ ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

എല്ലാ മനുഷ്യജീവനുകൾക്കും വിലയുണ്ടെന്ന പ്രവാസി സമൂഹത്തിന്റെ ഉൾപ്പെടെയുള്ളവരുടെ ആഴത്തിലുള്ള ബോധ്യമാണ് ഷാർജ ഭരണാധികാരിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്. മനുഷ്യനാണ് എല്ലാ പുരോഗതിയുടെയും ഐശ്വര്യത്തിന്റെയും അടിത്തറയെന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് തങ്ങൾക്കുള്ള വഴികാട്ടി. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് അന്തസ്സോടെയും പ്രത്യാശയോടെയും ജീവിതം കെട്ടിപ്പടുക്കാൻ ഷാർജ നിരന്തരം കാരുണ്യപ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടെന്നും യുഎൻഎച്ച്സിആറിൻ്റെ അഭയാർഥി കുട്ടികൾക്കായുള്ള പ്രത്യേക പ്രതിനിധി കൂടിയായ ശൈഖ ജവാഹിർ പറഞ്ഞു.

സുരക്ഷിതമായ വീട്, പ്രിയപ്പെട്ടവരുടെ പിന്തുണ, കുട്ടികൾക്ക് പഠിക്കാനും വളരാനുമുള്ള അവസരങ്ങൾ, ആത്മവിശ്വാസത്തോടെ ലോകത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ദൈനംദിന ജീവിതത്തിൽ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന അനുഗ്രഹങ്ങളാണ്. എന്നാൽ ഇവയെല്ലാം നഷ്ടപ്പെട്ട്, ജീവനും കൊണ്ട് ഓടേണ്ടി വരുന്നവർക്കേ ഇതിന്റെ യഥാർഥ വില മനസ്സിലാകൂ. സ്വന്തം വീടും സുരക്ഷിതത്വവും നഷ്ടപ്പെട്ടവരോട് കാണിക്കുന്ന സഹതാപത്തിലൂടെയാണ് നമ്മുടെ മനുഷ്യത്വം മാറ്റുരക്കുപ്പെടുക.

ലോകമെമ്പാടും പന്ത്രണ്ട് കോടിയോളം (115 ദശലക്ഷത്തിലേറെ) ആളുകൾ നിലവിൽ നിർബന്ധിതമായി സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യപ്പെട്ടവരാണ്. നഷ്‌ടങ്ങളുടെയും അതിജീവനത്തിൻ്റെയും കഥകളാണ് ഓരോരുത്തർക്കും പറയാനുള്ളത്. അഭയാർഥി പ്രശ്‌നങ്ങളെ കേവലം ഒരു പ്രതിസന്ധിയായി കാണാതെ, രാജ്യാന്തര സമൂഹം അതൊരു കൂട്ടായ മാനുഷിക ഉത്തരവാദിത്തമായി ഏറ്റെടുക്കണം. വരുംതലമുറകളെ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനും എല്ലാവരും മുന്നോട്ടുവരണമെന്നും ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമി ആഹ്വാ ചെയ്തു.

Post a Comment

0 Comments