സൂപ്പർമാർക്കറ്റിൽ വാളും കത്തിയുമായി എത്തി കവർച്ച: പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി റിയാദ് പോലീസ്
സൗദി തലസ്ഥാന നഗരിയിലെ സൂപ്പർമാർക്കറ്റിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കവർച്ച നടത്തിയ രണ്ട് പ്രതികളെ റിയാദ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. സാധാരണ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കടയിൽ പ്രവേശിച്ച പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാരുടെ ജീവന് ഭീഷണിയുയർത്തി കൗണ്ടറിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും കവർന്ന ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ റിയാദ് പോലീസ് സുരക്ഷാ വിഭാഗം ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. സൂപ്പർമാർക്കറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് വിദഗ്ധ നീക്കത്തിലൂടെ പ്രതികളായ രണ്ട് പേരെയും റിയാദ് പോലീസ് വലയിലാക്കി.

Post a Comment
0 Comments