സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങള്‍, അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു
അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും ആരോപിച്ചാണ് രാജി. പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചാണ് അഖിലിന്റെ പടിയിറക്കം. തിരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്ന് അഖിൽ ആരോപിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20-യിലേക്ക് എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും ഒടുവിൽ തൃക്കാക്കരയിൽ മത്സരിപ്പിച്ച് വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.
സാബുവുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ കൈവശമുണ്ടെന്നും, ബിജെപിയുടെ നിർദേശവും ആർഎസ്എസിന്റെ ഇടപെടലും ഉണ്ടായിരുന്നിട്ടും വാഗ്ദാനം ചെയ്ത സീറ്റ് ലഭിച്ചില്ലെന്നും അഖിൽ അവകാശപ്പെട്ടു. തൃക്കാക്കരയിൽ പാർട്ടി സംഘടനയുണ്ടെന്ന് പറഞ്ഞെങ്കിലും പ്രചാരണത്തിന് എത്തിയതാകട്ടെ വിരലിലെണ്ണാവുന്ന പ്രവർത്തകരാണെന്നും സാബുവിനെ എതിർത്തവർ ആരും രംഗത്തിറങ്ങിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 20 ലക്ഷം രൂപക്ക് വാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം കണ്ടെത്തിയതെന്നും തിരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന ആവശ്യം രണ്ടര മാസമായി പരിഗണിച്ചില്ലെന്നും അഖിൽ പറഞ്ഞു. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടും നേതൃത്വം പ്രതികരിച്ചില്ലെന്നും, ട്വന്റി 20 സാബു ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മാത്രമുള്ള പാർട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment
0 Comments