തൊഴിലാളി ക്ഷേമത്തിന് മുന്‍ഗണന, ഷാർജ പോലീസ് ഡയറക്ടറുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ടുള്ള സഹകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) പ്രസിഡന്റ നിസാര്‍തളങ്കര, ഷാർജ ഗവൺമെന്റ് പോലീസ് അക്രഡിറ്റേഷൻ ആൻഡ് പ്രിവന്റീവ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സഈദുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
ഷാർജ പോലീസിന്റെ 'അക്രഡിറ്റേഷൻ ആൻഡ് പ്രിവന്റീവ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റും' ഷാർജ ഇന്ത്യൻ അസോസിയേഷനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെയും, സാമൂഹിക ക്ഷേമം, ബോധവൽക്കരണം, സാമൂഹിക വികസനം എന്നീ മേഖലകളിൽ ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
പ്രവാസി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് ഷാർജയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യൻ തൊഴിലാളികളുടെ വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായും ഉയർന്നു വന്നു. തൊഴിലാളികളുടെ ക്ഷേമം, ബോധവൽക്കരണം, ജീവിതനിലവാരം എന്നിവ ഉയർത്തുന്നതിന് സർക്കാർ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനും, സുരക്ഷയ്ക്കും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഷാർജ ഗവൺമെന്റും ഷാർജ പോലീസും നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെയും ജനകീയ പദ്ധതികളെയും അസോസിയേഷൻ പ്രസിഡന്റ് അഭിനന്ദിച്ചു.
പ്രതിരോധ ബോധവൽക്കരണത്തിലും, സാമൂഹിക ഇടപെടലുകളിലും, താമസക്കാരുടെ ക്ഷേമത്തിനായി നടത്തുന്ന പദ്ധതികളിലും 'അക്രഡിറ്റേഷൻ ആൻഡ് പ്രിവന്റീവ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്' വഹിക്കുന്ന സജീവമായ പങ്കിനെ നിസാര്‍ തളങ്കര പ്രശംസിച്ചു.
സാമൂഹിക സേവനത്തോടുള്ള അസോസിയേഷന്റെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കിയ പ്രസിഡന്റ്, അക്രഡിറ്റേഷൻ ആൻഡ് പ്രിവന്റീവ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് ഭാവിയിൽ നടത്തുന്ന പദ്ധതികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി. ബോധവൽക്കരണ ക്യാമ്പയ്‌നുകളും സാമൂഹിക പ്രവർത്തനങ്ങളും ഷാർജയിലെ തൊഴിലാളികൾക്കും പ്രവാസികൾക്കും, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിന് വലിയ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഷാർജയിലെ താമസക്കാരുടെ സാമൂഹിക സൗഹാർദ്ദവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ പങ്കാളിത്തം വളർത്തിയെടുക്കുമെന്ന പരസ്പര ധാരണയോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. വരും ദിവസങ്ങളിൽ അർത്ഥവത്തായ സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഡോ. സഈദുo നിസാര്‍ തളങ്കരയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Post a Comment
0 Comments