ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്: തിമിര്‍ത്ത് പെയ്ത് മഴ, വന്‍ നാശനഷ്ടം
രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത്
തുടരുന്ന അതിതീവ്രമഴയിൽ വ്യാപക നാശനഷ്ടങ്ങൾ. നേരത്തെ വടക്കൻ കേരളത്തിൽ ശക്തമായിരുന്ന മഴ, നിലവിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ശക്തമായി തുടരുകയാണ്. മഴക്കെടുതികളിൽപെട്ട് സംസ്ഥാനത്ത് ഇതുവരെ 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും. നിർത്താതെ പെയ്യുന്ന മഴ കാരണം പലയിടത്തും പെട്ടെന്ന് വെള്ളം കയറുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാഹചര്യങ്ങൾ കണക്കിലെടുത്ത് അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയെത്തുടർന്ന് നാല് പേർ മരിച്ചു. ഇടുക്കിയിലെ അടൂർമല, കോലാഹലമേട്, കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടം എന്നിവിടങ്ങളിലുണ്ടായ ദുരന്തങ്ങളിലാണ് ജീവനുകൾ പൊലിഞ്ഞത്. പൂഞ്ഞാറിൽ തകർന്ന വീടിനടിയിൽ കുടുങ്ങിയ റെജീന എന്ന വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കോട്ടയത്ത് ഉരുൾപൊട്ടലിൽ കർഷകരുടെ പശുക്കൾ ഒലിച്ചുപോയി. കണ്ണൂർ, കോഴിക്കോട് മലയോര മേഖലകളിൽ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും മൂലം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മുക്കത്ത് ഇരവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും റോഡുകളിൽ തോണിയിറക്കിയാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
മീൻപിടിക്കാൻ പോയ നിരവധി മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കാസർകോട് തീരങ്ങളിൽ ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവർക്കായുള്ള തെരച്ചിലിന് നാവികസേനയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാർഡിന്റെ ബോട്ടുകളും രംഗത്തുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴയിൽ തേങ്ങ പിടിക്കാനിറങ്ങിയ യുവാവും ഒഴുക്കിൽപെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment
0 Comments