അബുദാബി കോർണീഷിൽ ശുചീകരണ ഡ്യൂട്ടിയിൽ ഡ്രൈവറില്ലാ ക്ലീനിങ് വാഹനവും

അബുദാബി: നഗര ശുചിത്വം കുറ്റമറ്റതാക്കാൻ കോർണിഷിൽ സ്വയം നിയന്ത്രിത റോബോ സ്വീപ്പർ ഫ്ലീറ്റിറക്കി അബുദാബി നഗര സഭ. നിരത്തുകളിലും കോർണീഷ് പാതകളിലും ഓടി കറങ്ങി തിരിഞ്ഞ് പൊടിപടലങ്ങൾ വലിച്ചെടുക്കും ഈ വാഹനം. സെൻസറുകളും ആധുനിക നേവിഗേഷൻ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന നൂതന ക്ലീനിംഗ്, സാനിറ്റൈസേഷൻ സൊല്യൂഷൻ റോബോസ്വീപ്പറുകളാണിവ.

അബുദാബി കോർണിഷിൽ മുനിസിപ്പാലിറ്റി ആൻറ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ (ഡി.എം.ടി) അഫിലിയേറ്റ് വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് (ഐ.ടി.സി) റോബോസ്വീപ്പർ ഓട്ടോണമസ് ക്ലീനിംഗ് വാഹനങ്ങൾ പുറത്തിറക്കിയത്.

സ്മാർട്ട് ആൻറ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കെ2 അനുബന്ധ സ്ഥാപനമായ ഓട്ടോഗോ വികസിപ്പിച്ചെടുത്ത ഈ പദ്ധതിയുടെ മേൽനോട്ടം ഡി.എം.ടിയാണ് നിർവ്വഹിക്കുക. നൂതനവും ബുദ്ധിപരവും സുസ്ഥിരവുമായ പൊതു സൗകര്യ മാനേജ്‌മെന്റ് എന്ന എമിറേറ്റിന്റെ ലക്ഷ്യ ഭാഗമായാണ് ഇ പദ്ധതി. നേരിട്ട് മനുഷ്യ ഇടപെടലുകളില്ലാതെ മുൻകൂട്ടി പ്രോഗ്രാം ചെയ്ത റൂട്ടുകളിലൂടെയാണ് ഈ വാഹനം നീങ്ങുക. നടപ്പാതകൾ, സ്ക്വയറുകൾ, കാൽനട പ്രദേശങ്ങൾ തുടങ്ങിയ നഗര പരിതസ്ഥിതികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇവ, പൊതുജന ശുചിത്വ സേവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യാധ്വാനത്തെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ട് വരാനും ഉപകരിക്കും.