കാസർക്കോഡ് വ്യവസായ കേന്ദ്രത്തിലെ സ്ഫോടനം, അന്വോഷണത്തിന് ഉത്തരവിട്ട് ജില്ല കലക്ടർ
കാസർക്കോഡ്: ഇന്നലെ സന്ധ്യ സമയത്ത് കടന്ന് വന്ന ദുരന്തത്തിൻറെ നടുക്കം മാറാതെ അനന്തപുരം വ്യവസായ കേന്ദ്രവും സമീപ പ്രദേശങ്ങളും. പലരും ഇനിയും പൂർവ്വ സ്ഥിയിലേക്കെത്തിയിട്ടില്ല.
മഞ്ചേശ്വരം പുത്തിഗ ഗ്രാമപഞ്ചായത്തിലെ കണ്ണൂർ വാർഡിലാണ് അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്.
പ്രശസ്‌തമായ അനന്തപുരം തടാക ക്ഷേത്രത്തിൽ നിന്ന് വെറും 500 മീറ്റർ അകലെ മാത്രമാണ് അപകടം നടന്ന ഫാക്ടറി. ഡെക്കോർ പാനൽ ഇൻഡസ്ട്രീസ് ഫാക്ടറിയിലാണ് ബോയിലർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ അസമിലെ ഉദൽഗുരി ജില്ലയിലെ ബിസ്‌കുതി ഗാവോൺ സ്വദേശിയായ നജിറുൽ അലി (19) മരണപ്പെട്ടു. ഹുസ്സൈൻ അലി - സാറ ദമ്പതികളുടെ മകനാണ്.
തിങ്കളാഴ്ച്ച രാത്രി 7.10 ഓടെയാണ് സ്ഫോടനം നടന്നത്. വൈകുന്നേരം ആറര മണിക്കാണ് പുതിയ ഷിഫ്റ്റ് ആരംഭിച്ചത്. തൊട്ടുപിന്നാലെയാണ് ദുരന്തം. അപകട സമയത്ത് 20 തൊഴിലാളികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ. സജിത്ത് അറിയിച്ചു.
പരിക്കേറ്റ10 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. സംഭവം നടന്ന ഉടനെ തൊഴിലാളികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇതിൽ ഏഴ് പേരെ ആദ്യം ഉപ്പളയിലെ ഡോക്ടേഴ്സസ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് നജിറുൽ അലി മരണപ്പെട്ടത്. ബാക്കിയുള്ള ആറ് പേരെ കൂടുതൽ വിദഗ്‌ധ ചികിത്സയ്ക്കായി മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ, അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനം സംബന്ധിച്ച് സമഗ്ര അന്വോഷണത്തിന് കാസർക്കോഡ് ജില്ല കലക്ടർ കെ ഇംബശേഖരൻ ഉത്തരവിട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അന്വോഷണ ചുമതല ഫാക്ടറീസ് ആൻറ് ബോയിലേഴ്സ് വകുപ്പിൻറെ എറണാകുളത്തെ കെംറെക് വിഭാഗത്തിന് നൽകി.
സ്ഫോടനത്തിൻറെ പ്രകമ്പനം കിലോ മീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടതായി സമീപവാസികൾ പറയുന്നു. ഇത് അൽപ്പ നേരം ജനങ്ങളെ പരിഭ്രാന്തയിലാക്കാൻ കാരണമായി. പരിസരത്തെ ചില വീടുകൾക്കും നാശ നഷ്ടങ്ങളുണ്ടായി. 300 മീറ്റർ പരിധിക്കുള്ളിലെ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും ഇളകിയാടി. എറണാകുളം പെരുമ്പാവൂർ സ്വദേശി പോളിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഫോടനം നടന്ന ഡെക്കോർ പാനൽ ഇൻഡസ്ട്രീസ്. ഇവിടെ ജോലി ചെയ്യുന്നവരിലധികവും ഇതര സംസ്ഥാനക്കാരാണ്. പാനൽ നിർമ്മാണത്തിന് ആവശ്യമായ ഉയർന്ന മർദ്ദത്തിലുള്ള നീരാവി ഉത്പാദിപ്പിക്കാനാണ് ഇവിടെ ബോയിലറുകൾ ഉപയോഗിച്ചു വരുന്നത്.
