വാഹനങ്ങൾക്ക് നിര നിജപ്പെടുത്തി ഷാർജ പോലീസ്




ഷാർജ: വാഹന ഗതാഗതം സുഖമവും അപകട രഹിതവുമാക്കുന്നതിന് കർശന നടപടികളുമായി ഷാർജ പോലീസ്. ഷാര്‍ജ റോഡ്‌സ് ആൻറ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് നടപടി. 

നവംബർ ഒന്ന് മുതൽഷപുതിയ ചട്ടം പ്രാബല്യത്തിൽ വരും.
എമിറേറ്റിലെ പ്രധാന പാഥകളിലും ഉപ റോഡുകളിലും തെരുവുകളിലും ഡെലിവറി ബൈക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ, മോട്ടോർ സൈക്കിളുകൾക്കടക്കം പ്രത്യേക സഞ്ചാര പാഥ നിജപ്പെടുത്തി. എമിറേറ്റിലെ ഗതാഗത നിയമാനുസൃതം ശക്തിപ്പെടുത്തുകയും സുരക്ഷ മാനദണ്ഡങ്ങൾ ഉയർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ഇതനുസരിച്ച് ഷാർജ പാഥകളിലെ ഏറ്റവും വലതു വശത്തുള്ള നിര ഹെവി വാഹനങ്ങൾക്കും ബസുകൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്നുവെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. നാല് വരി പാതകളുള്ള റോഡുകളിൽ മോട്ടോർ സൈക്കിളുകൾക്ക് വലതു വശത്തുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകൾ മാത്രമെ ഉപയോഗിക്കാവൂ.
ഷാർജ എമിറേറ്റിലെ വിവിധ തെരുവുകളിൽ ഘടിപ്പിച്ച സ്മാർട്ട് റഡാറുകൾ, ആധുനിക ക്യാമറ സംവിധാനങ്ങൾ എന്നിവയിലൂടെ നിരീക്ഷണ പ്രവർത്തനങ്ങൾ 24 മണിക്കൂറും നടക്കുമെന്ന് ഷാർജ പോലീസ് വ്യക്തമാക്കി.
ഗതാഗത പട്രോളിംഗ് നിരീക്ഷിക്കുക, നിയുക്ത റൂട്ടുകൾ ഉപയോഗിക്കുന്നതിൽ ഡ്രൈവർമാരെ ശ്രദ്ധിക്കുക, ഗതാഗത നിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയവ റഡാറുകളും കാമറകളും നിരീക്ഷിക്കും.

ഫെഡറൽ ട്രാഫിക് നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി പിഴകൾ ഈടാക്കും. ഹെവി വാഹനം നിർബന്ധിത റൂട്ട് ലൈൻ പാലിക്കുന്നില്ലെങ്കിൽ 1500 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ചുമത്തണമെന്ന് ചട്ടം 8 പറയുന്നു. അതേസമയം, ഡ്രൈവർമാർ കടന്നുപോകുന്ന അടയാളങ്ങളും അതിന്റെ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നില്ലെങ്കിൽ 500 ദിർഹം പിഴ ചുമത്തണമെന്നും ചട്ടം 70 നിർദേശിക്കുന്നു.