ഇന്ത്യൻ അസോസിയേഷൻ ഷാർജക്ക് ഷാർജ പോലീസ് ആദരം


ഷാര്‍ജ: മാതൃകാപരമായ സാമൂഹ്യ സേവന പ്രവർത്തനം പരിഗണിച്ച് ഷാർജ പോലീസ് ഇന്ത്യൻ അസോസിയേഷൻ ഷാർജയെ പുരസ്ക്കാരം നൽകി ആദരിച്ചു. ഷാർജ പോലീസ് ആസ്ഥാനത്ത് നടന്ന പ്രൗഡമായ സദസ്സിൽ വെച്ച് ഷാർജ പോലീസ് ജനറൽ കമാണ്ടർ ഇൻ ചീഫ് അബ്ദുല്ല മുബാറക് ബിൻ ആമിറിൽ നിന്നും ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് നിസാർ തളങ്കര പുരസ്ക്കാരം ഏറ്റ് വാങ്ങി.

ഷാർജ പോലീസിന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുകയും, സമൂഹ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിന്' പിന്തുണ നൽകുകയും ചെയ്യുന്ന 'തന്ത്രപരമായ പങ്കാളികളെ' അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായാണ് ഷാർജ പോലീസ് ചടങ്ങ് സംഘടിപ്പിച്ചത്.

ഷാർജയിലെ ഇന്ത്യൻ സമൂഹത്തിൻറെ ക്ഷേമം മുൻ നിർത്തി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ, ഷാർജ പോലീസിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിലും സമൂഹ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി.

ഷാർജ പോലീസ് ഒരുക്കിയ വേദിയിൽ അംഗീകരിക്കപ്പട്ട ഏക സംഘടന എന്നത് ഇന്ത്യൻ അസോസിയേഷൻ ഷാർജയെ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവരാക്കുന്നു എന്ന് പ്രസിഡൻറ് നിസാർ തളങ്കര പറഞ്ഞു. ഷാർജയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ സേവിക്കുന്നതിലും പിന്തുണക്കുന്നതിലും ഇന്ത്യൻ അസോസിയേഷനുള്ള നിർണായക പങ്കിനെ അംഗീകാരം അടിവരയിടുന്നു എന്നും നിസാർ തളങ്കര കൂട്ടിച്ചേർത്തു.