മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം പ്രഹസനമെന്ന് ദുബൈ കെ.എം.സി.സി
ദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന ഗൾഫ് പര്യടനം വെറും പ്രഹസനമാണെന്നും പ്രവാസികൾക്ക് യാതൊരു ഉപകാരവുമില്ലാത്തതാണെന്നും ദുബൈ കെ.എം.സി.സി സംസ്ഥാന പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. മുമ്പ് ഇതുപോലെ വന്ന് നിരവധി വാഗ്ദാനപ്പെരുമഴ തീർത്ത മുഖ്യമന്ത്രി അതൊന്നും ഒമ്പതര വർഷം പിന്നിട്ടിട്ടും ഇതുവരെ പാലിച്ചിട്ടില്ലെന്ന് ദുബൈ കെ.എം.സി.സി കുറ്റപ്പെടുത്തി.
യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളിൽ നിന്നും വിട്ടുനിൽക്കാൻ ദുബൈ കെ.എം.സി.സി തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും
പടിവാതിൽക്കൽ എത്തി നിൽക്കെ നടത്തുന്ന ഈ നാടകം തിരിച്ചറിയാൻ പ്രവാസി സമൂഹത്തിന് കഴിയുന്നുണ്ടെന്ന് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
യോഗത്തിൽ പ്രസിഡൻറ് ഡോ.അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി യഹ്‌യ തളങ്കര സ്വാഗതം പറഞ്ഞു. ട്രഷറർ പി.കെ ഇസ്മായിൽ, വൈസ് പ്രസിഡൻറുമാരായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടി, ഒ.മൊയ്തു, യാഹുമോൻ ചെമ്മുക്കൻ, അബ്‌ദു സമദ് എടക്കുളം, സെക്രട്ടറിമാരായ അഫ്‌സൽ മെട്ടമ്മൽ, ആർ.ഷുക്കൂർ, അബ്‌ദുസമദ് ചാമക്കാല, അഹമ്മദ് ബിച്ചി, ഷഫീക് സലാഹുദ്ദീൻ പ്രസംഗിച്ചു. സെക്രട്ടറി റഈസ് തലശ്ശേരി നന്ദി പറഞ്ഞു.
സലാം കന്യപ്പാടി, ടി.ആർ ഹനീഫ്, റഹ്ദാദ് മൂഴിക്കര, കെ.പി മുഹമ്മദ്, ജലീൽ മഷ്ഹൂർ തങ്ങൾ, മൊയ്തു മക്കിയാട്, സിദ്ദീഖ് കാലടി, ജംഷാദ് മണ്ണാർക്കാട്, മുഹമ്മദ് വെട്ടുകാട്, അബ്‌ദുസമദ്, നിസാമുദ്ദീൻ, ഷിബു കാസിം, ഷഹീർ എം, സാദിഖ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. എസ്.ഐ.ആർ നടപ്പിലായതിനെ തുടർന്ന് പ്രവാസി വോട്ടുകൾ ചേർക്കുന്നതിന് പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി പ്രവർത്തനം നടത്തുവാൻ യോഗം തീരുമാനിച്ചു. ഡിസ. 1ന് രാത്രിയിൽ യു.എ.ഇ ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. സ്പോർട്സ് മീറ്റ്, ആർട്സ് ഫെസ്റ്റ്, ലിറ്ററേച്ചർ ഫെസ്റ്റ്, ദുബൈ റണ്ണിൽ പങ്കെടുക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും. ഇതിനായി നവ.4ന് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ വിളിച്ചു ചേർക്കും.
