പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയിലെ സ്വർണ്ണ അളവ് വിഷയ ആശങ്ക അകലുന്നു

കൊല്ലം/ഷാർജ: വിദേശത്ത് നിന്നും നാടിൽ വിമാനമിറങ്ങുന്ന ഇന്ത്യക്കാർക്ക് കയ്യിൽ കരുതാവുന്ന സ്വർണ്ണ അളവിലെ അവ്യക്തതക്ക് പരിഹാരമാകുന്നു.
കസ്റ്റംസ് ചട്ടങ്ങളിലെ വ്യക്‌തതക്കുറവ് വിദേശത്തു നിന്നെത്തുന്ന യാത്രക്കാർക്ക് കുരുക്കാവുന്ന വിഷയം നേരത്തെ ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ പ്രസിഡൻറ് നിസാർ തളങ്കര ഉൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
കസ്റ്റ‌ംസ് ബാഗേജ് ഡിക്ലറേഷൻ ചട്ടങ്ങൾ പുനഃപരിശോധിക്കുമെന്ന് ഉറപ്പു ലഭിച്ചതായി എൻ.കെ പ്രേമചന്ദ്രൻ എംപിയാണ് അറിയിച്ചത്.

വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ കൊണ്ടു വരുന്ന സ്വർണത്തിന്റെ അളവും വിലയും സംബന്ധിച്ചു നിലനിൽക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ കസ്‌റ്റംസ് ബാഗേജ് ഡിക്ലറേഷൻ ചട്ടങ്ങൾ പുനഃപരിശോധിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ ഉറപ്പു നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എംപി വെളിപ്പെടുത്തി.

2016 ലെ ചട്ടങ്ങൾ പ്രകാരം സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാമും പുരുഷൻമാർക്ക് 50,000 രൂപ വിലയുളള 20 ഗ്രാമും സ്വർണ്ണമാണ് ഇന്ത്യയിലേക്കു കൊണ്ടു വരാൻ അനുവാദം നൽകുന്നത്. 2016 ൽ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ഒരു ഗ്രാം സ്വർണത്തിന് 2500 രൂപയാണ് വിലയുണ്ടായിരുന്നത്. നിലവിൽ സ്വർണത്തിന്റെ വില പല മടങ്ങ് വർധിച്ചു. വിലയും അളവും പരസ്പരം യോജിക്കാത്ത തരത്തിലുള്ള വ്യത്യാസം നിയമം നടപ്പാക്കുന്നതിൽ വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രയാസം നേരിട്ടിരുന്നു. 

ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ പ്രസിഡന്റ് നിസാർ തളങ്കര നൽകിയ നിവേദനത്തിൻറെ അടിസ്‌ഥാനത്തിലാണ് വിഷയം കസ്‌റ്റംസ് അധികൃതരുടെ ശ്രദ്ധയിൽ എൻ.കെ പ്രേമചന്ദ്രൻ എംപി കൊണ്ടുവന്നത്. സ്വർണത്തിൻ്റെ വില കുത്തനെ വർധിച്ച പശ്ചാതലത്തിൽ, സംഖ്യ ഒഴിവാക്കി നിശ്ചിത തൂക്കം സ്വർണ കൊണ്ടുവരാൻ കഴിയുന്ന വിധത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രേമചന്ദ്രൻ എം.പി അറിയിച്ചു.