ലിവ ഉത്സവം വീണ്ടുമെത്തുന്നു ഡിസം. 12 മുതൽ ജനു. 3 വരെ

വിസ്മയ കാഴ്ചകളുമായി 
ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തുന്നു.ഡിസംബർ 12 മുതൽ ജനുവരി 3 വരെ അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ആണ് ലിവാ അന്താരാഷ്ട്ര മേള.  

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മണൽക്കൂനയായ 300 മീറ്റർ ഉയരമുള്ള തൽ മോരീബിൻ്റെ പശ്ചാത്തലത്തിൽ  സാഹസികതയും സാംസ്‌കാരിക പരിപാടികളും കുടുംബ വിനോദങ്ങളും സമ്മേളിപ്പിക്കും. യുഎഇ എയർഫോഴ്‌സിന്റെ ഔദ്യോഗിക എയറോബാറ്റിക്‌സ് പ്രകടന ടീമായ 'ഫോർസാൻ അൽ എമിറാത്ത്' ഷോയോടും വർണ്ണവിസ്‌മയം തീർക്കുന്ന വെടിക്കെട്ടോടും കൂടിയാണ് ഈ വർഷത്തെ മേളക്ക് തുടക്കമാകുക.

ഓരോ സായാഹ്‌നത്തിലും ഡ്യൂൺ പ്രൊജക്ഷൻ ഷോകൾ, ഡ്രോൺ ഷോകൾ, വാരാന്ത്യങ്ങളിൽ ഹോട്ട് എയർ ബലൂൺ സവാരി എന്നിവയുമുണ്ടായിരിക്കും. ഡിസംബർ 31ന് നടക്കുന്ന ഫെസ്റ്റിവലിന്റെ ഫൈനൽ ദിനം താൽ മോറിബ് കാർ ചാംപ്യൻഷിപ്പോടെ ആരംഭിക്കും. തുടർന്ന് സംഗീത പരിപാടിയും വെടിക്കെട്ടും നടക്കും.

പ്രവേശനം സൗജന്യമാണ്.  സാഹസികത, പൈതൃക നഗരി, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ലിവ ഫെസ്റ്റിന്റെ സവിശേഷതയാണ്. 
മരുഭൂമിയും മണല്‍ കൂനയും സജീവമാകുന്ന ദിവസങ്ങളാണ് ലിവ ഉത്സവ നാളുകള്‍.
ഫ്രീസ്റ്റൈൽ ഡ്രിഫ്റ്റ് യുദ്ധങ്ങൾ, ഡ്രാഗ് റേസുകൾ, കാർ സ്റ്റണ്ടുകൾ, മഡ് ഫെസ്റ്റ് തുടങ്ങിയവ വന്‍ തോതില്‍ സന്ദര്‍ശകരെ മേളയിലേക്ക് ആകര്‍ഷിക്കും.