വംശ നാശം നേരിടുന്ന ജീവികളുടെ കള്ളക്കടത്ത്; ഷാർജയിൽ അറബ് പൗരൻ പിടിയിൽ
ഷാര്‍ജ: വംശ നാശം നേരിടുന്ന ജിവികളെ സ്വകാര്യമായി വളർത്തുകയും വിൽപ്പനക്കായി കള്ളക്കടത്ത് നടത്തുകയും ചെയ്ത കേസിൽ അറബ് പൗരൻ അറസ്റ്റിൽ.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കള്ളക്കടത്ത് നടത്തുകയും നിയമവിരുദ്ധമായി വികപ്പന നടത്തുകയും ചെയ്തു എന്നാണ് കേസ്. അറസ്റ്റിന് ശേഷം, രാജ്യത്തെ പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നിലേക്ക് മൃഗങ്ങളെ കൈമാറിയതായി അധികൃതർ അറിയിച്ചു. വ്യാപാരം നിരോധിച്ച വംശനാശ ഭീഷണി നേരിടുന്ന കൊക്കുകൾ, കുറുക്കൻമാർ തുടങ്ങിയ ജീവികളെ ഇയാൾ കൈവശം വെച്ചതായി കണ്ടെത്തി. ഷാർജ പൊലീസും ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ക്രിമിനൽ പോലീസ് ജനറൽ ഡയറക്ടറേറ്റും, പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ വിജയകരമാക്കിയത്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സ്വന്തമാക്കുകയോ കച്ചവടം ചെയ്യുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംശയാസ്‌പദമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ സഹകരിക്കാനും റിപ്പോർട്ട് ചെയ്യാനും ഷാർജ പൊലീസ് താമസക്കാരോട് അഭ്യർഥിച്ചു.
2
