'എസ്.ഐ.ആർ' വോട്ടറെതേടി വീട്ടിലെത്തും; ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും
തിരുവനന്തപുരം: കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും. ബൂത്ത് ലവൽ ഓഫിസർ (ബി.എൽ.ഒ) വീടുകളിലെത്തിയാണ് ഫോം നൽകുക. അടുത്ത മാസം നാലുവരെ പ്രക്രിയ തുടരും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണ വരെ എത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ബി.എൽ.ഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ബി.എൽ.ഒമാരുടെയും ബൂത്ത് ലെവൽ ഏജന്റുറുമാരുടെയും പരിശീലനം ഇന്നലത്തോടെ പൂർത്തിയായി. ബി.എൽ.ഒമാർക്ക് ഒരു മാസം ഡ്യൂട്ടി ലീവ് അനുവദിച്ചു. ഫോമുകളുടെ അച്ചടി കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി. ബിഹാർ എസ്.ഐ.ആറിൽനിന്ന് വ്യത്യസ്തമായ എന്യുമറേഷൻ ഫോമാണ് കേരളമടക്കം സംസ്ഥാനങ്ങൾക്കായി സജ്ജമാക്കിയത്. വോട്ടർമാരുടെ ഫോൺ നമ്പറുകൾ ബി.എൽ.ഒയുടെ പക്കലുള്ളതിനാൽ എത്തുന്ന സമയം മുൻകൂടി അറിയിക്കും.
ബി.എൽ.ഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻ ഫോമും പൂരിപ്പിച്ച് ഒപ്പിട്ടു നൽകണം. ആവശ്യമെങ്കിൽ രേഖകളും നൽകണം. പുതിയ ഫോട്ടോ ചേർക്കാനും സൗകര്യമുണ്ട്.
2002നുശേഷം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ 12 രേഖകളിൽ ഒന്ന്
ഹാജരാക്കണം. 2002ലും 2025ലും വോട്ടർപട്ടികയിലുള്ള എല്ലാവരും എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകണം.
ഫോമിന്റെ മുകളിലെ കോളങ്ങൾ എല്ലാവരും പൂരിപ്പിക്കണം. 2002ലെ
വോട്ടർ പട്ടികയിലുള്ള വ്യക്തിയാണെങ്കിൽ
ആ വിവരം രേഖപ്പെടുത്താൻ ഫോമിന്റെ
താഴെ ഇടതുവശത്തുള്ള ബോക്സ് ഉപയോഗിക്കാം. ഇനി പേരില്ല, പകരം അച്ഛനോ അമ്മയോ അടുത്ത ബന്ധുക്കളോ 2002ലെ
പട്ടികയിലുണ്ടെങ്കിൽ വലതുവശത്തെ
കോളത്തിൽ അവരുടെ വിവരങ്ങൾ
നൽകാം. 2002ൽ നടന്ന അവസാന എസ്.ഐ.ആറിലെ വോട്ടർമാരുടെയോ ബന്ധുക്കളുടെയോ പേര് ലിങ്ക് ചെയ്തിട്ടുണ്ട്. ആ പട്ടികയിൽ ഇല്ലാത്തവരായ പുതിയ വോട്ടറെ ഉൾപ്പെടുത്തുന്നതിന് ഫോം 6, ഡിക്ലറേഷൻ ഫോം എന്നിവ ബി.എൽ.ഒ.മാർ ശേഖരിച്ച് മാച്ചിങ്/ലിങ്കിങ് ചെയ്യും. വോട്ടർമാർക്ക് ഫോം
ഓൺലൈനായും പൂരിപ്പിക്കാം.
നഗര പ്രദേശങ്ങളിലെ വോട്ടർമാർ, താൽകാലിക മൈഗ്രന്റ്സ് എന്നിവർക്കും ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താം.
