വിദ്വേഷ പ്രസംഗം: കര്‍ണ്ണാടകയില്‍ ഹിന്ദു ജാഗരണ വേദികെ നേതാവ് അറസ്റ്റില്‍

മംഗളൂരു ഉഡുപ്പി നഗരത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ജാഗരണ വേദികെ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രത്നാകർ അമൻ (49) ആണ് അറസ്റ്റിലായത് 

ഡൽഹി ബോംബ് സ്ഫോടന സംഭവത്തെ അപലപിക്കാൻ ഉഡുപ്പിയിലെ ജട്ക സ്റ്റാൻഡിന് സമീപം ശനിയാഴ്ച ഹിന്ദു ജാഗരണ വേദികെ യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ രത്നാകർ അമൻ നടത്തിയ പ്രസംഗം മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിലുള്ളതാണെന്ന് പരാതി ലഭിച്ചതായി ഉഡുപ്പി ടൗൺ പൊലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ രത്നാകർ അമനെതിരെ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഉഡുപ്പി ടൗൺ പൊലീസ് ഇൻസ്പെക്ടർ മഞ്ജുനാഥ് വി. ബാഡിഗറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുകയും പ്രതിയെ നിരീക്ഷിച്ച് പിന്തുടരുകയും ചെയ്തു.

തുടർന്ന് ചൊവ്വാഴ്‌ച രാവിലെ രത്നാകർ അമീനിനെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷം  കോടതിയിൽ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.