ഷാർജക്ക് 4,450 കോടി ദിർഹത്തിന്റെ പൊതു ബജറ്റ്


ഷാർജയുടെ 2026 വർഷത്തെ പൊതുബജറ്റിന് യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരംനൽകി. ഏതാണ്ട് 4,450 കോടി ദിർഹത്തിൻ്റെ മൊത്തം ചെലവ് ഉൾപ്പെടുന്നതാണ് ഷാർജയുടെ പൊതു ബജറ്റ്. സാമ്പത്തിക സുസ്ഥിരതക്കും സാംസ്കാരിക, ശാസ്ത്രീയ അഭിവൃദ്ധി വർധിപ്പിക്കാനും എമിറേറ്റിലുള്ളവർക്ക് സാമൂഹികക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നതാണ് ബജറ്റ്.

ഊർജം, ജലം, ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ സുസ്ഥിരതക്കും ബജറ്റ് പ്രാധാന്യം നൽകുന്നു. കൂടാതെ ബജറ്റിലൂടെ പ്രധാന സംരംഭങ്ങൾക്കും പദ്ധതികൾക്കും ധനസഹായം നൽകുന്നതിനുള്ള സർക്കാർ സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്തും. ഷാർജയിലെ പൗരന്മാർക്ക് ഭവനസഹായപദ്ധതി, സാംസ്ക‌ാരിക, വിനോദസഞ്ചാര മേഖലക്കും സാമൂഹിക സംരംഭങ്ങൾക്കും ആരോഗ്യ മേഖലക്കും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനം എന്നിവയും ബജറ്റിൽ ഉറപ്പാക്കിയിട്ടുണ്ട്. അതുവഴി എമിറേറ്റിന്റെ സാമ്പത്തികവികസനം സാധ്യമാക്കും. വികസിത രാജ്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുംവിധം എമിറേറ്റിന്റെ സാമ്പത്തിക വികസനം പ്രയോജനപ്പെടുത്തും. സാമ്പത്തിക അഭിവൃദ്ധിയുടെ ഗുണഫലങ്ങൾ ഷാർജയിലെ ജനങ്ങൾക്കും ലഭിക്കുംവിധമാണ് 2026-ലെ വാർഷിക ബജറ്റ് ആവിഷ്കരിച്ചത്.

2025-ലെ ബജറ്റിനെ അപേക്ഷിച്ച് 2026-ലെ ചെലവുകൾ മൂന്നുശതമാനം വർധിച്ചിട്ടിട്ടുണ്ട്. 35 ശതമാനം വരുന്ന മൂലധനപദ്ധതി ബജറ്റിനെ പിന്തുണയ്ക്കുന്ന വിധത്തിലുമാണ് സർക്കാർ ആവിഷ്കരിച്ചത്. ശമ്പളവും മറ്റു ആനുകൂല്യങ്ങൾക്കുമായി ബജറ്റിൽ 30 ശതമാനം നീക്കിവെച്ചിട്ടുണ്ട്. അതേസമയം പ്രവർത്തന ച്ചെലവുകൾക്ക് 25 ശതമാനമാണ് നീക്കിവെച്ചത്. സബ്സിഡി സഹായങ്ങൾക്ക് ബജറ്റിന്റെ ഏതാണ്ട് 12 ശതമാനവും വായ്‌പ തിരിച്ചടവുകൾക്കും പലിശയിനത്തിനുമായി 2026-ലെ പൊതുബജറ്റിൻറെ 15 ശതമാനം വരും. കാര്യക്ഷമമായ സർക്കാർ ഭരണം, സുരക്ഷാമേഖല എന്നിവയ്ക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.