ഹയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറി: പുകപടലം ഇന്ത്യൻ മേഖലയ്ക്കു നേരെ സഞ്ചരിക്കുന്നു

പുകപടലം ഇന്ത്യക്കു നേരെ; നിരവധി വിമാനങ്ങൾ റദ്ദാക്കി, ഡൽഹിയിൽ സ്ഥിതി രൂക്ഷമാകും


എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകപടലം ഇന്ത്യൻ മേഖലയ്ക്കു നേരെ സഞ്ചരിക്കുന്നു. മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിലാണ് സഞ്ചാരം. 15,000നും 45,000നും അടി ഉയരത്തിലുമാണ് ചാരവും സൾഫർ ഡയോക്സൈഡും പൊടിയും ഉൾപ്പെടുന്ന പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇതേ ത്തുടർന്ന് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പു നല്‍കി. സർവിസുകൾ തടസ്സപ്പെടുന്ന സാഹചര്യം കൈകാര്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. അന്തരീക്ഷത്തിൽ ചാരത്തിൻ്റെ അളവ് വർധിക്കുന്നത് വിമാന എൻജിനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലാണ് മുൻകരുതൽ നടപടികൾ.

പുകപടലം ഗുജറാത്തിനു മുകളിലേക്കു കടന്നിരിക്കുകയാണ്. തുടർന്ന് കിഴക്കു ഭാഗത്തേക്ക് രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് മേഖലകളിലേക്ക് നീങ്ങും. ശേഷം ഹിമാലയൻ  കടക്കുമെന്നാണു നിഗമനം. കടുത്ത വായുമലിനീകരണത്തിൽ പ്രയാസത്തിലുള്ള ഡൽഹിക്കു മേൽ പുകപടലം കൂടിയെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.

റൺവേകളിലും ടാക്‌സിവേകളിലും നിരന്തര നിരീക്ഷണം നടത്താനും അമിതമായ ചാരത്തിൻ്റെ അളവ് കണ്ടാൽ ഉടൻ വൃത്തിയാക്കാനും വിമാനത്താവളങ്ങൾക്കു നിർദേശമുണ്ട്.