ജോലി ദുരിതം തലക്കടിച്ചെന്ന് ബിഎല്‍ഒമാരുടെ സങ്കട ഹര്‍ജി, ജീവനൊടുക്കിയ ബിഎല്‍ഒമാരുടെ ചിത്രം പ്രചാരണമാക്കി കോണ്‍ഗ്രസ്


അമിതം, ജോലി ഭാരം. താങ്ങാനാകുന്നില്ലെന്ന സങ്കടവുമായി ബിഎല്‍ഒമാര്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎൽഒമാരാണ് തഹസിൽദാർക്ക് സങ്കട ഹരജി നൽകിയത്. ജോലി സമ്മർദം കൂടുതലാണെന്നും എല്ല കാര്യങ്ങളും ബിഎൽഒമാർ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎൽഒമാർ ഹരജിയിൽ പറയുന്നു.

ആരുടെയെങ്കിലും വോട്ട് നഷ്‌ടപ്പെട്ടാൽ എല്ലാവരും തങ്ങൾക്കെതിരെ നീങ്ങുമെന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു. ഓരോ വോട്ടർമാരുടെയും മുഴുവൻ ഡാറ്റയും ഡിജിറ്റലൈസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ആദ്യം പറഞ്ഞത് എന്യൂമറേഷൻ ഫോമിന്റെ വിതരണവും സമാഹരണവും മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നായിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായും എല്ലാ കാര്യങ്ങളും ബിഎൽഒമാർ ചെയ്യേണ്ട അവസ്ഥയായിരിക്കുന്നു. ഈ സാഹചര്യത്തിൽ ജോലി ചെയ്യാൻ പ്രയാസമുണ്ടെന്നും ബിഎൽഒമാർ സങ്കട ഹരജിയിൽ പറഞ്ഞു.

അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ എസ്ഐആർ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയും ഹൃദയാഘാതമുൾപ്പെടെ മൂലം മരിക്കുകയും ചെയ്‌തവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് കോൺഗ്രസ്. 14 പേരുടെ വിവരങ്ങളാണ് കോൺഗ്രസ് സോഷ്യൽമീഡിയ പേജിലൂടെ പുറത്തുവിട്ടത്. 'ജീവിതത്തിന്റെ ഡെഡ്‌ലൈൻ..., എസ്ഐആർ തൊഴിലാളികൾ താങ്ങാനാവാത്ത സമ്മർദം നേരിടുന്നു' എന്ന വരികളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. 'എസ്ഐആർ സമ്മർദം വധശിക്ഷയായി മാറുമ്പോൾ ആരാണ് ഉത്തരവാദി?'- എന്നും പോസ്റ്ററിൽ ചോദിക്കുന്നു.