ദുബൈക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2026-2028 വരെയുള്ള ദുബൈയുടെ ബജറ്റിന് അംഗീകാരം നല്‍കി. ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ആണിത്.  പുതിയ ബജറ്റിൽ 302.7 ബില്യൺ ദിർഹം ചെലവുകളും 329.2 ബില്യൺ ദിർഹം വരുമാനവും ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ 5 ശതമാനം പ്രവർത്തന മിച്ചവും രേഖപ്പെടുത്തുന്നു. ദുബൈയുടെ ജിഡിപി ഇരട്ടിയാക്കുകയും അടുത്ത ദശകത്തിനുള്ളിൽ ലോകത്തിലെ മുൻനിര മൂന്നു രാജ്യങ്ങൾ ഉള്‍പ്പെടുന്ന നഗര സമ്പദ് വ്യവസ്ഥകളിൽ ഒന്നാക്കി ഉയർത്തുകയും ചെയ്യലാണ് ലക്ഷ്യം.

 ഭരണാധികാരികളുടെ ദീര്‍ഘ ദർശനത്തെ ബജറ്റ് പ്രതിഫലിപ്പിക്കുന്നതാണെന്ന് ദുബൈ  കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അഭിലാഷപരമായ വളർച്ചയും സാമ്പത്തിക സ്ഥിരതയും തമ്മിൽ സന്തുലിതമായ മുന്നേറ്റത്തിന് ഇത് ശക്തിയേകുമെന്ന് അദ്ദേഹം വ്യക്തമാക്കി.