ഷാർജ പുസ്തക മേളയിൽ വളണ്ടിയർ സേവനത്തിന് അവസരം
ഷാർജ: ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വളണ്ടിയർ സേവന അവസരം അവതരിപ്പിക്കുന്നു. ജനകീയ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യു.എ.ഇയുടെ 'ഇയർ ഓഫ് കമ്മ്യൂണിറ്റി 2025' ന്റെ ഭാഗമായാണിത്.
15 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെയാണ് വളണ്ടിയർ സേവനം ചെയ്യാൻ പരിഗണിക്കുക. സ്കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് ബിരുദദാനത്തിന് ആവശ്യമായ വളണ്ടിയർ സമയം പൂർത്തിയാക്കാനും ഈ സംരംഭം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷൻ, സ്വീകരണം, സർവേകൾ എന്നിവയെ പിന്തുണയ്ക്കുക; ഐടി, ധനകാര്യം, ലോജിസ്റ്റിക്സ് തുടങ്ങിയ വകുപ്പുകളെ സഹായിക്കുക, ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര അതിഥികളെ സ്വീകരിക്കുന്നതിന് സഹായിക്കുക എന്നിവയാണ് ജോലികൾ. ഷാർജ വളണ്ടിയർ സെന്റർ പ്ലാറ്റ്‌ഫോം വഴിയാണ് വളണ്ടിയർ സമയം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. പൂർത്തിയാകുമ്പോൾ, പങ്കെടുക്കുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും.
