മാഹിൻ മുസ്ല്യാർ തൊട്ടി അന്തരിച്ചു
കാസർക്കോഡ്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ചെങ്കള നാലാംമൈൽ മിദാദ് നഗർ പാണർകുളം മാഹിൻ മുസ്ല്യാർ തൊട്ടി (74) അന്തരിച്ചു. പൈവളിക പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പലും, പൊസോട്ട് മമ്പഉൽ ഉലൂം ദർസ് മുദരിസുമായിരുന്നു.
തലച്ചോറിൽ പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെയാണ് അന്ത്യം.
കർണാടക പുത്തൂർ പാണാജെ കൊറുങ്കിലയിലെ ബാവ മുസ്ല്യാരുടെയും സൈനബയുടെയും മകനായി 1951 ഒക്ടോബർ 17ന് ജനനം. പൈവളിക ദർസ്, പുത്തൂർ ജുമാമസ്‌ജിദ്, ഉറുമി, ആലംപാടി ദർസ്, മേൽപറമ്പ് ദർസ് എന്നിവിടങ്ങളിൽ പഠനം. ശേഷം 1976ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം നേടി. പയ്യക്കി ഉസ്‌താദ് ഒന്നാമൻ അബ്ദുറഹ്‌മാൻ മുസ്ല്യാർ, ആലംപാടി കുഞ്ഞബ്ദുല്ല മുസ്ല്യാർ, മേൽപറമ്പ് അബ്‌ദുൽഖാദർ മുസ്ല്യാർ, മുഗു യൂസഫ് ഹാജി, കോട്ടുമല അബൂബക്കർ മുസ്ല്യാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ, കെ.കെ അബൂബക്കർ ഹസ്രത്ത് എന്നിവർ പ്രധാന ഗുരുനാഥൻമാർ.
ബാലപുനി പാത്തൂർ, വിട്ട്ള ഉക്കുഡ, തൊട്ടി, ഉപ്പിനങ്ങാടി, കുമ്പോൽ, ബല്ലാ കടപ്പുറം, ആറങ്ങാടി, കണ്ണൂർ ജില്ലയിലെ ചെറുകുന്ന്, പള്ളിക്കര പൂച്ചക്കാട് എന്നിവിടങ്ങളിലെ ജുമാമസ്ജിദുകളിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടു. 17 വർഷക്കാലം പള്ളിക്കര തൊട്ടി ജുമാമസ്‌ജിദിൽ സേവനം ചെയ്‌തതിനെ തുടർന്നാണ് അദ്ദേഹം മാഹിൻ മുസ്‌ലിയാർ തൊട്ടി എന്ന പേരിൽ അറിയപ്പെട്ടത്.
ഭാര്യ: മറിയം. മക്കൾ: മുഹമ്മദ് നഫീഹ് ദാരിമി (മുദരിസ്, സുള്ള്യ ബെള്ളാരെ), ഫാത്തിമ സലീഖ്. ബാബ ഉനൈസ്. സുനൈബ. ഹവ്വ ഉമൈന, അഹമ്മദ് ബിഷ് (ഷാർജ). മരുമക്കൾ: അഹമ്മദ് ദാരിമി (ഖത്തീബ്, ബെദിരെ ജുമാമസ്‌ജിദ്), അബ്ദുൽനാസിർ യമാനി (ഖത്തീബ്, എതിർത്തോട് ജുമാമസ്ജിദ്), മുഹമ്മദ് മുഷ്‌താഖ് ദാരിമി (മുദരിസ്, പടന്നക്കാട് ദർസ്). സഹോദരങ്ങൾ: ഷാഹുൽഹമീദ് ദാരിമി, പരേതരായ മൂസ മുസ്ല്യാർ, മുഹമ്മദ് കുഞ്ഞി മുസ്ല്യാർ. ഖബറടക്കം ഇന്ന് അസർ നിസ്‌കാരാനന്തരം മേൽപ്പറമ്പ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.
