ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം; ഒരുക്കം പുരോഗമിക്കുന്നു

ഷാർജ: 44-ാമത് ഷാർജ രാജ്യാന്തര പുസ്‌തകോത്സവം നവംബർ 5 മുതൽ 16 വരെ നടക്കും. ഷാർജ മംസാറിലെ എക്സ്പോ സെൻറിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.

ഔദ്യോഗികമായും അനൗദ്യോഗികമായും നൂറക്കണക്കിന് അതിഥികളാണ് പുസ്തകോൽസവത്തിന് എത്തുക. പലരും ഇതിനകം ഷാര്‍ജയിൽ വിമാനമിറങ്ങി. 600ൽ അധികം പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോൽസവ നഗരിയിൽ നടക്കുമെന്നാണ് അറിയുന്നത്.
20 രാജ്യങ്ങളിൽ നിന്നുള്ള 80 പ്രമുഖ അറബ് വ്യക്തിത്വങ്ങളും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനായി ഷാർജയിൽ എത്തും.

നോവൽ, കവിത, തത്ത്വ ചിന്ത, സിനിമ, പുരാവസ്‌തു ഗവേഷണം തുടങ്ങിയ മേഖലകളിൽ ലോകശ്രദ്ധ നേടിയവരാണ് അതിഥികളുടെ നിരയിൽ ഉള്ളത്. എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന 12 ദിവസത്തെ വിജ്ഞാന വിരുന്നിൽ 20ലേറെ ഇമാറാത്തി സാഹിത്യകാരന്മാരും ചിന്തകരും പങ്കെടുക്കും. അനേകം അനുബന്ധ പരിപാടികളും അരങ്ങേറും.

വിവിധ ഭാഷകളിൽ
പുരസ്കാരങ്ങൾ നേടിയ എഴുത്തുകാർ, കവികൾ, വിവർത്തകർ, സിനിമാ പ്രവർത്തകർ, ഗവേഷകർ, അക്കാദമിക് പണ്ഡിതന്മാർ എന്നിവരെല്ലാം അതിഥിപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പലരുടെയും കൃതികൾ വിവിധ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടവയാണ്.

പുരാവസ്തു ഗവേഷകരായ, ഈജിപ്റ്റോളജിയിൽ ലോകപ്രശസ്‌തനായ ഡോ. സാഹി ഹവാസ് (യൂനെസ്കോ അംബാസഡർ), പുസ്‌തകങ്ങളും പേറ്റന്റുകളും സ്വന്തമാക്കിയ സർജനും ഈജിപ്റ്റോളജിസ്‌റ്റുമായ ഡോ. വസീം അൽ സിസി, അറബ് ചരിത്രകാരന്മാരുടെ അസോസിയേഷൻ പ്രസിഡന്റു്റും 170ൽ അധികം കൃതികളുടെ രചയിതാവുമായ ഇറാഖി ചരിത്രകാരൻ ഡോ. മുഹമ്മദ് ജാസിം അൽ മശ്ഹദാനി, സാഹിത്യ പ്രതിഭകളായ രാജ്യാന്തര പ്രശസ്ത‌നും കുവൈത്തി നോവലിസ്റ്റുമായ താലിബ് അൽ റിഫായി, ഇന്റർനാഷനൽ പ്രൈസ് ഫോർ അറബിക് ഫിക്ഷൻ (ഐ.പി.എ.എഫ്) ജേതാവായ തുനീസിയൻ അക്കാദമിക് വിദഗ്‌ധൻ ശുക്രി അൽ മബ്ഖൂത്, സയൻസ് ഫിക്ഷൻ, ഹൊറർ വിഭാഗങ്ങളിലെ കുവൈത്തി എഴുത്തുകാരൻ അബ്‌ദുൽ വഹാബ് അൽ റിഫായി, 'അമീർ അൽ ശുഅറാ' (കവികളുടെ രാജകുമാരൻ) പട്ടം നേടിയ ആദ്യ അറബ് വനിത, ഒമാനി കവയിത്രി ആയിഷ അൽ സെയ്ഫി, ബാല സാഹിത്യത്തിലെ സംഭാവനകൾക്ക് ജോർദാൻ രാജാവിന്റെ ബഹുമതി നേടിയ ഹയ സാലിഹ്, ഏഴ് ഭാഷകളിൽ പ്രാവീണ്യവും 16 പുസ്‌തകങ്ങളും ഉള്ള ലെബനീസ് എഴുത്തുകാരി ജുമാന ഹദ്ദാദ് എന്നിവരാണ് പ്രധാന അതിഥികളിൽ ചിലർ.
 
യു.എ.ഇയുടെ സാഹിത്യ വൈവിധ്യം വിളിച്ചോതുന്ന 20ലേറെ എമിറാത്തി ചിന്തകരും കലാകാരന്മാരും മേളയിൽ പങ്കെടുക്കും. ഷാർജ ആർക്കിയോളജി അതോറിറ്റി ഡയറക്‌ടർ ഇസ്സ യൂസഫ്, എമിറേറ്റ്സ് റൈറ്റേഴ്സ് ആൻഡ് ഓതേഴ്സ് യൂണിയൻ ചെയർമാൻ ഡോ. സുൽത്താൻ അൽ അമീമി, പുരസ്ക്‌കാര ജേതാവായ കവിയും സംവിധായകനുമായ നജൂം അൽ ഗാനേം, നടൻ അഹമ്മദ് അൽ ജാസ്മ‌ി എന്നിവർ മുൻനിരയിലുണ്ടാകും.