കൊച്ചു മിടുക്കൻറെ വലിയ മനസ്സ്; സ്വരുകൂട്ടി വെച്ചതെല്ലാം സി.എച്ച് സെൻററിന്

കാഞ്ഞങ്ങാട്: നിധി പോലെ കാത്തു വെച്ച നാണയവും നോട്ടുമെല്ലാം കാരുണ്യ പ്രവർത്തന നിധിയിലേക്ക് സമ്മാനിച്ച് കൊച്ചു മിടുക്കൻറെ മാതൃക. വിശേഷ ദിവസങ്ങളിലും മറ്റും ഉറ്റവർ നൽകിയതടക്കം സ്വരൂകൂട്ടി വെച്ചതായിരുന്നു ചിത്താരിയിലെ മുഹമ്മദ് തബ് രീസ് മോൻ. ഷാര്‍ജ കെ.എം.സി.സി ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ താജുദ്ദീൻ അക്കരയുടെ മകനാണ് തബ് രീസ്.

കാഞ്ഞങ്ങാട് സി.എച്ച് സെൻററിൻറെ ഡയാലിസിസ് പ്രവർത്തന ഫണ്ടിലേക്കാണ് തുക നൽകിയത്. കാഞ്ഞങ്ങാട് സി.എച്ച് സെൻറർ ഷാർജ കമ്മിറ്റി ചെയർമാൻ കെ.എച്ച് ശംസുദ്ധീൻ കല്ലുരാവി, വൈസ് ചെയർമാൻ സി.ബി കരീം ചിത്താരി, കൺവീനർ യൂസഫ് ഹാജി അരയി എന്നിവർ തബ് രീസ് മോൻറെ വീട്ടിലെത്തി അഭിനന്ദിക്കുകയും സംഖ്യ ഏറ്റ് വാങ്ങുകയും ചെയ്തു. നിറഞ്ഞ പുഞ്ചിരിയോടെ കുഞ്ഞ് മോൻ തുക സമ്മാനിച്ചത് കണ്ടു നിന്നവരുടെ കണ്ണും മനസ്സും നിറച്ചു. കുട്ടിയുടെ ചെറു പ്രായത്തിലെ ദാന ധർമ്മ മാതൃകയെ പ്രശംസിക്കുകയാണ് നാടും നാട്ടുകാരും.