നവീൻ ബാബു മരണം: കേസ് അന്വേഷിച്ച മുൻ എസിപി കണ്ണൂരില്‍ സിപിഎം സ്ഥാനാർഥി



കണ്ണൂർ: പാര്‍ട്ടി പ്രതിസന്ധിയിലായ കേസില്‍ അന്വേഷണം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു എന്ന് ആരോപണം കേള്‍ക്കേണ്ടി വന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥാനാർത്ഥിയായി രംഗത്ത്‌. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരായ കേസ് അന്വേഷിച്ച പൊലിസ് ഉദ്യോഗസ്ഥനാണ് സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നത്. 

റിട്ട.എസ്പ‌ി ടികെ രത്നകുമാർ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലാണ് മത്സരിക്കുക. എൽഡിഎഫിൻ്റെ ചെയർമാൻ സ്ഥാനാർഥിയാണ് എന്നാണ് റിപ്പോർട്ടുകൾ.
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥാനായിരുന്നു ടികെ രത്നകുമാർ. കുറ്റപത്രം സമർപ്പിച്ച ശേഷം, ഇക്കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വിരമിച്ചത്.

സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന് 2024 ഒക്ടോബർ 14-ന് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി  ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയിൽ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം സർക്കാരിനേയും പാർട്ടിയേയും കാര്യമായി ബാധിച്ചിരുന്നു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിൽ അട്ടിമറിയുണ്ടായെന്നും അന്വേഷണം പിപി ദിവ്യക്ക് അനുകൂലമായിരുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. പൊലിസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.