ഷാർജയിൽ പുസ്തക പൂരത്തിന് കൊടിയേറി

ഷാർജ: പതിവ് പോലെ നവംബറിലെ ആദ്യ ബുധനാഴ്ച ഷാര്‍ജയിലെ പുസ്തക പൂരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ 44 വർഷമായി ഇ സമ്പ്രദായം തുടരുകയാണ്, തുടക്ക തിയ്യതി മാറ്റമില്ലാതെ.

സുപ്രീം കൗൺസിൽ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസതകോൽസവം ഉദ്ഘാടനം ചെയ്തു. നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷികളായി. ഉദ്ഘാടനത്തിന് ശേഷം ശൈഖ് സുൽത്താൻ പുസ്തക മേള നഗരി ചുറ്റിക്കണ്ടു.

66 രാജ്യങ്ങളിൽ നിന്നുള്ള 250-ലധികം എഴുത്തുകാർ, സർഗ്ഗാത്മകർ, ബുദ്ധിജീവികൾ എന്നിവരെ ഒരുമിച്ചുകൂട്ടി 1,200-ലധികം സാംസ്കാരിക, കലാപര, സർഗ്ഗാത്മക പരിപാടികൾക്ക് നേതൃത്വം നൽകും 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. ലോകത്തെ ഒട്ടുമിക്ക ഭാഷകളിലുമുള്ള പുസ്തകങ്ങളും, പ്രസാധക കമ്പനികളും ഷാര്‍ജ പുസ്തക മേളയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം തന്നെ മലയാളത്തിലേതുൾപ്പെടെ നിരവധി പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.