അബുദാബി: സായിദ് നാഷണൽ മ്യൂസിയം ഡിസംബര്‍ മൂന്നിന് തുറക്കും

ചരിത്രം, പൈതൃകം, സംസ്കാരം പരിചയപ്പെടുത്തലും പുനരാവിഷ്കരണവുമായി സായിദ് നാഷണൽ മ്യൂസിയം ഡിസംബര്‍ മൂന്നിന് തുറക്കും. 

അബുദാബിയിലെ  സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലാണ് സായിദ് നാഷണല്‍ മ്യൂസിയം.
യുഎഇയുടെ ഭൂമി ശാസ്ത്രം, പൈതൃക പാരമ്പര്യം, പുരാതന സമ്പ്രദായങ്ങള്‍, പൗരാണിക കാഴ്ചകള്‍ തുടങ്ങിയവ മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചയാവും.

പോയ കാലത്തെ ജനങ്ങളുടെ കഥ പറയുന്നതും രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകത്തെ ആഘോഷിക്കുന്നതുമായ സംവേദനാത്മക അനുഭവം മ്യൂസിയത്തിലെ കാഴ്ചകള്‍ സമ്മാനിക്കും.  പ്രിറ്റ്‌സ്‌കർ സമ്മാന ജേതാവും ലോകപ്രശസ്ത വാസ്തുശില്പിയുമായ ലോർഡ് നോർമൻ ഫോസ്റ്ററാണ് ഈ വിശിഷ്ട സാംസ്കാരിക നാഴികക്കല്ല് രൂപകൽപ്പന ചെയ്തത്. 

ആദ്യകാല നാഗരികതയില്‍ തുടങ്ങി ഇന്നുവരെയുള്ള യുഎഇയുടെ യാത്രയെ എടുത്തുകാണിക്കുന്ന വൈവിധ്യമാർന്ന പുരാവസ്തുക്കളുടെയും ചരിത്ര ചിഹ്നങ്ങളുടെയും
വലിയ ശേഖരം പ്രദർശന ഹാളുകളിൽ കാണാനാവും.