ഒമാനിൽ ജനുവരി 15,18 പൊതു അവധി; വ്യാജ പോലീസ് - പ്രവാസിയെ കബളിപ്പിച്ചു കവര്‍ച്ച, മൂന്ന് പേർ അറസ്റ്റിൽ



[] ഒമാനിൽ ജനുവരിയിലെ പൊതു അവധികൾ പ്രഖ്യാപിച്ചു. ഒമാന്‍ സുൽത്താൻ്റെ സ്ഥാനോഹരണ വാർഷികത്തിൻ്റെ ഭാഗമായി ജനുവരി15നും പ്രവാചകൻ മുഹമ്മദ് നബിയുടെ ആകാശാരോഹണ സ്‌മരണ പുതുക്കുന്ന ഇസ്‌റാഅ് മിഅ്റാജിൻ്റെ ദിവസമായ ജനുവരി 18 നും രാജ്യത്ത് പൊതു അവധികളായിരിക്കും. വാരാന്ത്യ അവധികൾ കൂടി കണക്കിലെടുത്ത് ജനുവരി 16,17 ദിവസങ്ങളടക്കം തുടർച്ചയായി നാല് ദിവസങ്ങളിൽ അവധി ലഭിക്കും. പൊതു സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആസൂത്രണം ചെയ്യുന്നതിനായി ദേശീയ-മതപരമായ അവധികൾ ഓരോ വർഷവും മുൻകൂട്ടി പ്രഖ്യാപിക്കുന്ന പുതിയ നയം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാൻ ഈ മുൻകൂർ ഷെഡ്യൂളിങ് സഹായിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.


[][] ഒമാനിൽ പൊലീസ് ഉദ്യോഗസ്ഥരായി വേഷം മാറി പ്രവാസിയുടെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീട്ടുകാരൻ്റെ സ്വകാര്യ രേഖകൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് അറിയിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും രക്ഷപ്പെടുകയുമായിരുന്നു. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് അധികൃതർ അറിയിച്ചു.