ദുബൈയിൽ 17 സോണുകളിൽ പാർക്കിംഗ് നിരക്കില്‍ മാറ്റം
വാഹന പാർക്കിംഗ് എളുപ്പവും കാര്യക്ഷമവും തിരക്കേറിയ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുമായി, ദുബൈയിലെ പൊതു പാർക്കിംഗ് നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി അധികൃതർ. എമിറേറ്റിലെ ഏറ്റവും വലിയ പെയ്ഡ് പാർക്കിംഗ് സേവനദാതാക്കളായ 'പാർക' 17 പ്രധാന മേഖലകളിൽ പുതിയ നിരക്ക് അവതരിപ്പിച്ചു.
മാറ്റിയ പാർക്കിംഗ് നിരക്കുകൾ, നിലവിലുള്ളവയിലെ മാറ്റങ്ങൾ, മണിക്കൂർ പരിധികൾ, സബ്സ്ക്രിപ്ഷൻ പാക്കേജുകൾ തുടങ്ങിയവയുടെ ഏകീകരണമാണ് പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നത്. താമസക്കാർ, തൊഴിലാളികൾ, സന്ദർശകർ എന്നിവരുടെ ആവശ്യങ്ങൾ പരിഗണിച്ച് പൊതു പാർക്കിംഗ് ഉപയോഗം കാര്യക്ഷമമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
പുതുക്കിയ ഘടന പ്രകാരം, പാർക്കിംഗ് ഫീസ് വിവിധ സ്ഥലങ്ങളിൽ വ്യത്യാസപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ 30 മിനിറ്റിനോ ഒരു മണിക്കൂറിനോ കുറഞ്ഞത് 2 ദിർഹം മുതൽ, മറ്റുചിലയിടങ്ങളിൽ 24 മണിക്കൂറിന് പരമാവധി 36 ദിർഹം വരെ ആയിരുന്നു നിരക്ക്. പ്രതിമാസ സബ്‌സ്ക്രിപ്ഷൻ പാക്കേജുകൾ 300 ദിർഹം മുതലായിരുന്നു. വാർഷിക സബ്സ്ക്രിപ്ഷനുകൾ പ്രദേശത്തെയും ആവശ്യകതയെയും ആശ്രയിച്ച് 4040 ദിർഹം വരെ ഉയർന്നിരുന്നു.
വിവിധ മേഖലകളിൽ സൗജന്യ പാർക്കിംഗ് സമയം നിലനിർത്തിയിട്ടുമുണ്ട്. ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും ഇത് ബാധകമാണ്. പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ നമസ്‌കാര സമയങ്ങളിൽ വിശ്വാസികൾക്ക് പ്രത്യേക സൗജന്യ സമയവും അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.
അൽ സൂഫൂഹ് 2 (സോൺ എഫ്) പുതിയ/പരിഷ്കരിച്ച നിരക്കുകൾ ഏർപ്പെടുത്തിയ പ്രദേശങ്ങളിലൊന്നാണ്. ഇവിടെ 30 മിനിറ്റിന് 2 ദിർഹം, ഒരു മണിക്കൂറിന് 4 ദിർഹം, എട്ട് മണിക്കൂർ മുതൽ ഒരു ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നതിന് 32 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. അൽ ഖിസൈസ് 1, അൽ കറാമ, ദുബൈ മാരിടൈം സിറ്റി, അൽ കിഫ് തുടങ്ങിയ മേഖലകളിൽ ഡബ്ള്യു, ഡബ്ള്യുപി എന്നീ പുതിയ പാർക്കിംഗ് വിഭാഗങ്ങളും അവതരിപ്പിച്ചു. ഡബ്ള്യു സോണുകളിൽ ദിവസം മുഴുവൻ ഒരു മണിക്കൂറിന് 4 ദിർഹം ഈടാക്കുമ്പോൾ, ഡബ്ള്യുപി സോണുകളിൽ തിരക്കില്ലാത്ത സമയങ്ങളിൽ ഒരു മണിക്കൂറിന് 4 ദിർഹവും തിരക്കുള്ള സമയങ്ങളിൽ 6 ദിർഹവും ആയിരുന്നു നിരക്ക്.
മിർദിഫിലെ 251സി, 251ഡി സോണുകളിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെ പെയ്‌ഡ് പാർക്കിംഗ് നടപ്പിലാക്കി. ഞായറാഴ്‌ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമാണ്. ഇവിടെ തിരക്കില്ലാത്ത സമയങ്ങളിൽ ഒരു മണിക്കൂറിന് രണ്ട് ദിർഹവും തിരക്കുള്ള സമയങ്ങളിൽ നാല് ദിർഹവും ആയിരുന്നു നിരക്ക്.
